അഹമ്മദാബാദ്: ഫൈനലിൽ രാജസ്ഥാൻ ‘റോയ’ലായില്ല! ‘ഫസ്റ്റ് റോയലായ’ ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനുവേണ്ടി ഐപിഎൽ കിരീടം ഉയർത്താൻ സഞ്ജു സാംസണും രാജസ്ഥാനും ഇനിയും കാത്തിരിക്കാം. ബോളിങ് കരുത്തിൽ രാജസ്ഥാനെ തളച്ച ഗുജറാത്ത് ടൈറ്റൻസ് 7 വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ആദ്യ സീസണിൽത്തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കി.

17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തിൽ 34 റൺസ് നേടുകയും ചെയ്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണു ഫൈനലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗുജറാത്തിനെ മുന്നിൽനിന്നു നയിച്ചത്. സ്കോർ– രാജസ്ഥാൻ: 20 ഓവറിൽ 130–9; ഗുജറാത്ത് 18.1 ഓവറിൽ 133–3. ടോസ്– രാജസ്ഥാൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടീമിലെ ബാറ്റിങ് കരുത്തിൽ പ്രതീക്ഷ അർപ്പിച്ചാണു ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞടുത്തതെങ്കിലും രാജസ്ഥാൻ ടോട്ടൽ 130ൽ അവസാനിച്ചതോടെതന്നെ മത്സരത്തിന്റെ ഗതി എങ്ങോട്ടെന്ന് ആരാധകർക്കു വ്യക്തമായ സൂചന കിട്ടിയിരുന്നു. 23 റണ്‍സിനിടെ 2 വിക്കറ്റെടുത്ത രാജസ്ഥാൻ ബോളർമാർ പൊരുതി നോക്കിയെങ്കിലും 3–ാം വിക്കറ്റിൽ 63 റൺസ് ചേർത്ത ശുഭ്മാൻ ഗിൽ– ഹാർദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ വിധിയെഴുതി.

ഗിൽ 43 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 45 റൺസ് നേടി. 30 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 34 റൺസ് അടങ്ങുന്നതാണു ഹാർദിക്കിന്റെ ഇന്നിങ്സ്. പിന്നാലെ ഡേവിഡ് മില്ലറുടെ വെടിക്കെട്ട് (19 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 32 നോട്ടൗട്ട്) രാജസ്ഥാന്റെ കഥയും തീർത്തു.

ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവറിൽത്തന്നെ, റൺ എടുക്കും മുൻപു ഗില്ലിനെ പുറത്താക്കാനുള്ള അവസരം നഷ്ടമാക്കിയതും രാജസ്ഥാനു വിനയായി. അനായാസ ക്യാച്ച് യുസ്‌വേന്ദ്ര ചെഹൽ നിലത്തിടുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ ഉജ്വല ഇൻ സ്വിങ്ങറിലൂടെ വൃദ്ധിമാൻ സാഹയെ (7 പന്തിൽ ഒരു ഫോർ അടക്കം 5) പ്രസിദ്ധ് കൃഷ്ണ ബോൾഡാക്കി. 5–ാം ഓവറിൽ മാത്യു വെയ്ഡിനെ (10 പന്തിൽ ഒരു സിക്സ് അടക്കം 8) റിയാൻ പരാഗിന്റെ കൈകളിലെത്തിച്ച ട്രെന്റ് ബോൾട്ട് രാജസ്ഥാനു 2–ാം ബ്രേക്കും നൽകി.

എന്നാൽ പവർപ്ലേ ഓവറുകൾ അവസാനിച്ചതോടെ ഗില്ലും പാണ്ഡ്യയും ചേർന്ന് ഗുജറാത്ത് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇതോടെ രാജസ്ഥാൻ ബോളർമാർ നേടിയ നേരിയ മേൽക്കൈ നഷ്ടമാകുകയും ചെയ്തു. ഹാർദിക് പാണ്ഡ്യയെ പുറത്താക്കിയ യുസ്‌വേന്ദ്ര ചെഹൽ പർപ്പിൾ ക്യാപ്പ് വീണ്ടെടുത്തത് രാജസ്ഥാൻ ആരാധകർക്ക് തോൽവിയിലും നേരിയ ആശ്വാസമായി. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചെഹൽ എന്നിവരാണു രാജസ്ഥാന്റെ വിക്കറ്റ് നേട്ടക്കാർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക