തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരായ സോളാര്‍ പീഡനക്കേസില്‍ സിബിഐ സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെയാണ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ തെളിവെടുപ്പ് നടന്നത്. പരാതിക്കാരിക്കൊപ്പമാണ് സിബിഐ സംഘം തെളിവെടുപ്പിനെത്തിയത്.

സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ സംഘം ഇന്ന് ക്ലിഫ് ഹൗസിലെത്തിയും തെളിവെടുപ്പ് നടത്തിയിരുന്നു. സിബിഐ ഇന്‍സ്പെക്ടര്‍ നിബുല്‍ ശങ്കറിന്റെ നേതൃത്വത്തില്‍ പരാതിക്കാരിക്കൊപ്പമാണ് തെളിവെടുപ്പ് നടത്തിയത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ക്ലിഫ് ഹൗസില്‍ വച്ച്‌ ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. എന്നാല്‍ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കെതിരെ ലൈംഗിക പീഡനത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല.

സോളാര്‍ പീഡന പരാതി വീണ്ടും ചര്‍ച്ചായായതോടെ കേരളത്തിലെ മൂന്നു മുന്നണികള്‍ക്കും തലവേദനയാകും. സോളാര്‍ വിവാദ കാലത്ത് ബലാത്സം​ഗ പരാതിയില്‍ യുഡിഎഫ് നേതാക്കള്‍ മാത്രമായിരുന്നു ഉള്‍പ്പെട്ടിരുന്നത് എങ്കില്‍, ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അതല്ല. യുവതി പീഡന ആരോപണം ഉയര്‍ത്തിയ നേതാക്കള്‍ ഇന്ന് കേരളത്തിലെ ഇടത് – കോണ്‍​ഗ്രസ് – ബിജെപി മുന്നണികളിലുണ്ട്. അന്ന് യുഡിഎഫ് നേതാവായിരുന്ന കേരള കോണ്‍​ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഇപ്പോള്‍ ഇടത് മുന്നണിയിലാണ്. കോണ്‍​ഗ്രസ് നേതാവായിരുന്ന എ പി അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ബിജെപി ദേശീയ വൈസ് പ്രസി‍ഡന്റാണ്.

നിലവില്‍ സിബിഐ അന്വേഷിക്കുന്ന പരാതികളില്‍ ജോസ് കെ മാണി പ്രതിയല്ല. എന്നാല്‍, പരാതിക്കാരി ജോസ് കെ മാണിയുടെ പേര് പറഞ്ഞാല്‍ സ്വാഭാവികമായും പ്രതിപ്പട്ടികയിലേക്ക് കടന്നുവരും. ഇതാണ് ഇപ്പോള്‍ സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കുന്നത്. ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റര്‍ ചെയ്‌ത കെ സി വേണുഗോപാലിനെതിരായ 42/2018, ഉമ്മന്‍ചാണ്ടിക്കെതിരായ 43/2018, ഹൈബി ഈഡനെതിരായ 140/2019, അടൂര്‍ പ്രകാശിനെതിരായ 141/2019, എ പി അനില്‍കുമാറിനെതിരായ 142/2019 എന്നീ കേസുകളാണ്‌ സിബിഐക്ക്‌ വിട്ടത്‌. യുഡിഎഫ്‌ സര്‍ക്കാര്‍ നിയോഗിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്‌ ശുപാര്‍ശ പ്രകാരവും ഇരയുടെ പരാതിയിലുമാണ്‌ ഈ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌.

എ പി അനില്‍കുമാറിനെതിരെ ഇര മജിസ്‌ട്രേട്ടിന്‌ മുമ്ബില്‍ രഹസ്യമൊഴിയും നല്‍കി. അബ്‌ദുള്ളക്കുട്ടിക്കെതിരെ 2016 ല്‍ രജിസ്‌റ്റര്‍ ചെയ്‌ത 128/സിആര്‍/എച്ച്‌എച്ച്‌ഡബ്യൂ- –1/ടിവിഎം കേസ്‌ ഉമ്മന്‍ചാണ്ടിയുടെ കാലത്ത്‌ ബലാത്സംഗത്തിനിരയായെന്ന ഇരയുടെ പരാതിയില്‍ രജിസ്‌റ്റര്‍ ചെയ്‌തതാണ്‌. ആദ്യം കന്റോണ്‍‌മെന്റ്‌ അസി. കമീഷണര്‍ അന്വേഷിച്ച ഈ കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക