ഡല്‍ഹി: കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കാന്‍ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. അവര്‍ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുകയാണെന്നും പിന്നീട് ബി.ജെ.പിയിലേക്ക് കുടുമാറ്റം നടത്തുന്നൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പറഞ്ഞ രാഹുല്‍ ഏ.സി മുറിക്കുള്ളില്‍ ഒരു പണിയും ചെയ്യാതിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കണമെന്നും പറഞ്ഞു. സി.ബി.ഐ, ഇ.ഡി, മാധ്യമങ്ങള്‍, പൊലീസ്, ഗുണ്ടകള്‍ തുടങ്ങിയവരെ മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അവര്‍ക്ക് സി.ബി.ഐയും ഇ.ഡി.യും മാധ്യമങ്ങളും പൊലീസും ഗുണ്ടകളും ദിവസവും പുതിയ വസ്ത്രങ്ങളും ഉണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ല. സത്യമാണ് പ്രധാനമെന്ന് ഗുജറാത്ത് നമ്മെ പഠിപ്പിക്കുന്നു. ഗാന്ധിജിയെ നോക്കൂ. അദ്ദേഹത്തിന് എപ്പോഴെങ്കിലും നല്ല വസ്ത്രമോ ഇ.ഡിയോ സി.ബി.ഐയോ ഉണ്ടായിരുന്നോ? കാരണം സത്യം എപ്പോഴും ലളിതമാണ്,’ രാഹുല്‍ പറഞ്ഞു.

ബി.ജെ.പിയുടെ രാഷ്ട്രീയം കാരണം ഗുജറാത്ത് കഷ്ടപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയിക്കും. എന്നാല്‍ അധികാരത്തില്‍ വന്നതിന് ശേഷം മാത്രമേ ഞങ്ങള്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നതിനെക്കുറിച്ച് ജനങ്ങളോട് പറയുകയുള്ളൂ,’ അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതിനകം തന്നെ വിജയിച്ചുവെന്ന് പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇവിടെ കോണ്‍ഗ്രസിനെ ദ്രോഹിച്ചതിനേക്കാള്‍ കൂടുതല്‍ ദ്രോഹം ഗുജറാത്തിലെ ജനങ്ങളോടാണ് ബി.ജെപി ചെയ്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2017ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് പ്രാദേശിക നേതൃത്വത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് 2017ലെ തന്റെ ഗുജറാത്ത് സന്ദര്‍ശനം അനുസ്മരിച്ചുകൊണ്ട് രാഹുല്‍ അഭിപ്രായപ്പെട്ടു. ‘ബി.ജെ.പിയുടെ രാഷ്ട്രീയം കാരണം ഗുജറാത്ത് കഷ്ടപ്പെടുകയാണ്. തൊഴിലില്ലായ്മ ഇവിടെ ഒരു പ്രധാന പ്രശ്നമാണ്. ചെറുകിട വ്യവസായങ്ങളെ ഒരു കാലത്ത് ഗുജറാത്തിന്റെ ഏറ്റവും വലിയ ശക്തിയായും നട്ടെല്ലായും കണക്കാക്കിയിരുന്നു. പക്ഷേ, ജി.എസ്.ടിയും നോട്ട് നിരോധനവും മഹാമാരിയുടെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയും പ്രധാനമന്ത്രി മോദി അത് നശിപ്പിച്ചു,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക