തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം കുറയുന്നതായി നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നാല് വര്‍ഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയിലെ മദ്യ ഉപഭോഗത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2019-20 കാലയളവില്‍ നടത്തിയ റിപ്പോര്‍ട്ടനുസരിച്ച്‌, സംസ്ഥാനത്ത് 15 വയസ്സിന് മുകളിലുള്ള 19.9% പുരുഷന്മാരും 0.2% സ്ത്രീകളും മാത്രമാണ് മദ്യം കഴിക്കുന്നത്. 2015-16ല്‍ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് 15-49 വയസ്സിനിടയിലുള്ള 37% പുരുഷന്മാരും 1.6% സ്ത്രീകളും മദ്യപാനികളാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് റിപ്പോര്‍ട്ടുകളും താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 46% ഇടിവ് കാണിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നിരുന്നാലും, കേരളത്തിലെ പുരുഷന്മാര്‍ക്കിടയിലെ ഉപഭോഗ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ നേരിയ തോതില്‍ കൂടുതലാണ് എന്നതാണ് പ്രധാനം. രാജ്യവ്യാപകമായി പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉപഭോഗം യഥാക്രമം 18.8%, 1.3% എന്നിങ്ങനെയാണ്.

സര്‍വേ പ്രകാരം അരുണാചല്‍ പ്രദേശാണ് മദ്യത്തിന്റെ ഉപഭോഗത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. 52.7 ശതമാനമാണ് അരുണാചല്‍ പ്രദേശിലെ ഉപഭോഗ നിരക്ക്. കേരളത്തിനു പുറമേ തമിഴ്നാട്ടിലും മദ്യത്തിന്റെ ഉപഭോഗം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ സര്‍വേ കണക്കുകളെ അപേക്ഷിച്ച്‌ മദ്യപാനികളില്‍ 25.4% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ മൊത്ത വില്‍പനയുടെ അളവിലുണ്ടായ ഇടിവാണ് നാഷണല്‍ ഹെല്‍ത്ത് ഫാമിലി സര്‍വേ ഡാറ്റയിലുണ്ടായ മാറ്റത്തിന് കാരണം.

2015-16ല്‍ ഐഎംഎഫ്‌എയും ബിയറും ഉള്‍പെടെ 355.95 ലക്ഷം കെയ്സുകള്‍ കോര്‍പറേഷന്‍ വിറ്റു. എന്നാല്‍ 2019-20ല്‍ ഇത് 334.08 ലക്ഷമായി കുറഞ്ഞു. അതേസമയം മദ്യത്തിന്റെ വിലയും നികുതിയും ഈ കാലയളവില്‍ ഗണ്യമായി വര്‍ധിച്ചതിനാല്‍ കോര്‍പറേഷന്റെ വിറ്റുവരവ് 2015-16 ല്‍ 11,577 കോടി രൂപ 2019-20 ല്‍ 14,707.44 കോടി രൂപയായി വര്‍ധിച്ചു.

സര്‍വേയില്‍ കാണിക്കുന്ന ഉപഭോഗം കുറയുന്നത് സ്വാഗതാര്‍ഹമായ പ്രവണതയാണെന്ന് ബെവ്കോ ചെയര്‍മാനും മാനജിംഗ് ഡയറക്ടറുമായ എസ് ശ്യാംസുന്ദര്‍ പറഞ്ഞു. എക്സൈസ് വകുപ്പിന്റെ വിമുക്തി ക്യാംപയിനാണ് ഇതിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പനയിലുണ്ടായ വര്‍ധനയാണ് വിറ്റുവരവ് കൂടാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറയുന്നു.

ഉപഭോഗം കുറയുന്നത് ലോകവ്യാപകമായ പ്രവണതയാണെന്ന് ആല്‍കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എഡിഐസി-ഇന്‍ഡ്യ) ഡയറക്ടര്‍ ജോണ്‍സണ്‍ എടയാറന്മുള പറഞ്ഞു. കുടുംബശ്രീയും ആരോഗ്യ വകുപ്പും എഡിഐസി-ഇന്‍ഡ്യ യും ചേര്‍ന്ന് നടത്തിയ ക്യാംപയിനിലൂടെ കേരളത്തിലെ ഉപഭോഗ പ്രവണത കുറയാന്‍ തുടങ്ങി. അടുത്ത വര്‍ഷം 4 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2016-ല്‍ 730 ബാറുകള്‍ താല്‍കാലികമായി അടച്ചുപൂട്ടിയത് ഈ പ്രവണതയെ ത്വരിതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരും മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ഘടകമാണ് ഈ പ്രവണത തുറന്നുകാട്ടുന്നതെന്ന് ഹോട്ടലുടമയും ബാര്‍ ഹോടല്‍ ഉടമകളുടെ അസോസിയേഷന്‍ മുന്‍ വര്‍കിംഗ് പ്രസിഡന്റുമായ ബിജു രമേശ് പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപഭോഗം ഗണ്യമായി വര്‍ധിച്ചു. 30 വയസിന് താഴെയുള്ള ചെറുപ്പക്കാരില്‍ നല്ലൊരു പങ്കും മയക്കുമരുന്നിലേക്ക് മാറിയിട്ടുണ്ട്. മദ്യം അവരെ ആകര്‍ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക