തിരുവനന്തപുരം: ആത്മസമര്‍പ്പണത്തിന്റെ പുണ്യം തേടി ആറ്റുകാലമ്മയ്ക്ക് ഇന്നു പൊങ്കാല. ഇന്നു രാവിലെ 10.50നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20ന് നിവേദ്യം. കോവിഡ് പശ്ചാത്തലത്തില്‍ ദേവീ സന്നിധിയില്‍ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. ഭക്തര്‍ വീടുകളില്‍ അര്‍പ്പിക്കുന്ന പൊങ്കാല സ്വയം നിവേദിക്കണം. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ഒമ്പതാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 10.20ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക. തോറ്റംപാട്ടിലെ കണ്ണകീ ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റം പാട്ടുകാര്‍ അവതരിപ്പിച്ചു കഴിഞ്ഞാലുടന്‍ ശ്രീ കോവിലില്‍ നിന്നു തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി. ഈശ്വരന്‍ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്കു കൈമാറും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലും സഹ മേല്‍ശാന്തി അഗ്നി പകരുന്നതോടെ പൊങ്കാല സമര്‍പ്പണത്തിനു തുടക്കമാകും. ഉച്ചയ്ക്ക് 1.20ന് ക്ഷേത്ര പൂജാരി പണ്ടാര അടുപ്പിലെ പൊങ്കാല നിവേദിക്കും. കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്ന ബാലനെ രാത്രി 7.30ന് ചൂരല്‍കുത്തും. രാത്രി 10.30ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത്.

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടത്തുന്നത്. പുഷ്പവൃഷ്ടി, നിറപറയെടുക്കല്‍ എന്നിവ ഒഴിവാക്കിയെങ്കിലും ഭക്തര്‍ക്ക് തട്ടംപൂജ നടത്താം. നാളെ രാവിലെ 8ന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.45ന് കാപ്പഴിക്കും. 19ന് പുലര്‍ച്ചെ ഒന്നിന് കുരുതി തര്‍പ്പണം നടത്തുന്നതോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക