തിരുവനന്തപുരം: സംസ്ഥാനത്ത് 21 മുതല്‍ സ്‌കൂളുകള്‍ എല്ലാ കുട്ടികളേയും ഉള്‍പ്പെടുത്തി മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി മന്ത്രി വി. ശിവന്‍കുട്ടി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു. എല്ലാ ജില്ലകളിലും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

മുഴുവന്‍ സമയ ക്ലാസുകള്‍ തുടങ്ങുന്നതിനാല്‍ അതിന് പുറമെയായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമല്ലെന്നും ഒന്നുമുതല്‍ 9 വരെ ക്ലാസുകള്‍ മാര്‍ച്ച് വരെ നടത്തുകയും ഏപ്രില്‍ മാസത്തില്‍ പരീക്ഷ പൂര്‍ത്തിയാക്കി മുല്യനിര്‍ണയം നടത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും യോഗത്തില്‍ തീരുമാനം. ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. മൂല്യനിര്‍ണയത്തിന്റെ സമീപനം നിശ്ചയിക്കാന്‍ എസ്.സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തി. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കര്‍മപദ്ധതി തയാറാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, അസുഖംമൂലം ക്ലാസില്‍ വരാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പിന്തുണ നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം, പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികള്‍ക്കുള്ള അധിക പിന്തുണ, ഭിന്നശേഷി കുട്ടികള്‍ക്കുള്ള പ്രത്യേക കരുതല്‍, പൊതു പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍, അധ്യാപകരുടെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥ, ഓണ്‍ലൈന്‍ ഡിജിറ്റല്‍ ക്ലാസുകള്‍, ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ എന്നീ വിഷയങ്ങളിന്‍മേല്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ അഭിപ്രായം അറിയിച്ചു.

പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എല്ലാ സംഘടനകളും സ്വാഗതം ചെയ്തു. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്നാല്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്താമെന്ന് അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉറപ്പു നല്‍കി. ക്യു.ഐ.പി. അധ്യാപക സംഘടനകളുടെ യോഗം നേരിട്ടും ക്യു.ഐ.പി. ഇതര അധ്യാപക സംഘടനകളുടെയും അനധ്യാപക സംഘടനകളുടെയും യോഗം ഓണ്‍ലൈനായുമാണ് വിളിച്ചു ചേര്‍ത്തത്.

40ലധികം സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തു സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപക സംഘടനകള്‍ അറിയിച്ചു. അധ്യാപകരോട് കൂടിയാലോചിക്കാതെ മാര്‍ഗനിര്‍ദേശം ഇറക്കിയ പശ്ചാത്തലവും മന്ത്രി വിശദീകരിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടിയാലോചനയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക