കോട്ടയം: കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവരുൾപ്പെടെ വിദ്യാസമ്പന്നരും ജോലിപരിചയവുമുള്ള ഉദ്യോഗാർഥികളുടെ വൈദഗ്ധ്യം പരിശോധിച്ച് ആവശ്യമുള്ള നൈപുണ്യ പരിശീലനം നൽകി മികച്ച ജോലി നേടാൻ സഹായിക്കുന്ന ‘സ്‌കൗട്ട്’ സ്റ്റാർട്ടപ്പ് സംരംഭത്തിന് തുടക്കമായി. സ്‌കൗട്ടിൻറെ നൂതന സാങ്കേതികവിദ്യയിലൂടെ തൊഴിലന്വേഷണം, പരിശീലനം, തൊഴിലാളികളെ തേടൽ എന്നിവയെല്ലാം ഒരു കുടക്കീഴിലേക്കെത്തിക്കുന്നതിലൂടെ കമ്പനികൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ സഹായകരമാണിത്. എല്ലാ രാജ്യങ്ങളും നേരിടുന്ന തൊഴിലില്ലായ്മയെന്ന വലിയ പ്രശ്‌നത്തിൻറെ പരിഹാരമെന്നോണമാണ് സ്‌കൗട്ട് എന്ന ആശയം ഉരുത്തിരിഞ്ഞുവന്നതെന്ന് കമ്പനി ചെയർമാൻ ഡോ.എം അയ്യപ്പൻ (എച്ച്.എൽ.എൽ മുൻ സിഎംഡി) പറഞ്ഞു.

യോഗ്യത ഉണ്ടെങ്കിലും തൊഴിൽ വൈദഗ്ധ്യമില്ലെന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണെന്നും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ഒരുപരിധി വരെ ഇത് പരിഹരിക്കപ്പെടുകയുള്ളൂവെന്നും കമ്പനി ഡയറക്ടർ ഡോ. കുഞ്ചറിയ പി. ഐസക് (കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ) പറഞ്ഞു. പ്രധാനപ്പെട്ട കമ്പനികളിൽ മാത്രം ജോലി ആഗ്രഹിക്കുന്നവർ മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള ചെറുകിട കമ്പനികളെക്കുറിച്ച് അറിയുന്നില്ല. ഈയവസ്ഥയ്ക്ക് ശാശ്വതപരിഹാരമാണ് സ്‌കൗട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ മേഖലയിലുമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കും സ്‌കൗട്ടിൽ രജിസ്റ്റർ ചെയ്യാമെന്ന് കമ്പനി സിഇഒ മാത്യു പി. കുരുവിള പറഞ്ഞു. തങ്ങളുടെ യോഗ്യതയ്ക്കും തൊഴിൽപരിചയത്തിനും അനുസരിച്ചുളള തൊഴിലുകൾ ഏതെന്ന് സോഫ്റ്റ് വെയറിൻറെ സഹായത്തോടെയാണ് കണ്ടെത്തുന്നത്. വിദ്യാഭ്യാസവും മുൻപരിചയവും അളക്കുന്നതും ഈ മാർഗത്തിലൂടെ തന്നെയാണ്. അനുയോജ്യമായ ജോലി ഇല്ലെങ്കിൽ അത് നേടാനായുള്ള നൈപുണ്യവികസന കോഴ്‌സുകളും സ്‌കൗട്ടിൻറെ ഭാഗമാണ്. ഇത്തരം കോഴ്‌സുകൾക്ക് ശേഷം സ്‌കൗട്ടിൽ തന്നെ ലിസ്റ്റ് ചെയ്തിട്ടുളള ജോലികളിൽ ഉദ്യോഗാർഥികൾക്ക് അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവ എൻജിനീയർമാരായ മാത്യു പി. കുരുവിള, മാത്യൂ ജോർജ്ജ്, രാഹുൽ ചെറിയാൻ എന്നിവരാണ് ഈ സംരംഭം ആരംഭിച്ചത്. തിരുവല്ല കുറ്റൂർ പോബ്‌സ് കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സ്‌കൗട്ട് പോർട്ടലിന് തുടക്കം കുറിച്ചു. ബിഷപ്പ് കുര്യാക്കോസ് മാർ ഗ്രിഗോറിയസ്, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവർ പങ്കെടുത്തു.

കൊവിഡ് പ്രതിസന്ധി മൂലമോ, മറ്റ് കാരണങ്ങളാലോ ജോലി നഷ്ടപ്പെടുകയോ ജോലിയിൽ നിന്ന് മാറിനിൽക്കുകയോ ചെയ്യുന്ന നൈപുണ്യശേഷിയുള്ളവരും അഭ്യസ്തവിദ്യരുമായ വളരെയധികം സ്ത്രീകൾ വീടുകളിൽ വെറുതെയിരിക്കുന്നുണ്ട്. ഇവർക്ക് അനുയോജ്യമായ ജോലി തെരയുന്നതിനായി പ്രത്യേകം സംവിധാനവും സ്‌കൗട്ടിൻറെ വെബ്‌സൈറ്റിൽ ഒരുക്കുന്നതാണ്.

ആളുകളെ തങ്ങൾക്ക് കഴിവുള്ള മേഖലയിൽ കർമ്മോത്സുകരാക്കുക എന്ന ലക്ഷ്യം സ്‌കൗട്ടിനുണ്ട്. ഉദ്യോഗാർഥികൾക്ക് തങ്ങളുടെ വൈദഗ്ധ്യം അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിലയിരുത്തുന്നതിനുള്ള അവസരം സ്‌കൗട്ടിൻറെ വെബ്‌സൈറ്റിലൂടെ ലഭിക്കും. കൂടുതൽ ആഴത്തിലുള്ള വിശകലനത്തിന് നിർമ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള വിലയിരുത്തലും ലഭിക്കും.

കമ്പനികളിലെ എച്ച്.ആർ വിഭാഗത്തിൻറെ ജോലി ലഘൂകരിക്കുന്നതാണ് സ്‌കൗട്ടിൻറെ മറ്റൊരു പ്രത്യേകത. സ്‌കൗട്ട് വഴി ജോലിക്കപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ യോഗ്യത, നൈപുണ്യം എന്നിവ മികച്ച വിശകലനത്തിലൂടെയും പരിശോധനയിലൂടെയും വിലയിരുന്നതിനാൽ റിക്രൂട്ടിംഗ് എളുപ്പമാകുന്നു. ഉദ്യോഗാർഥികളാകട്ടെ എന്തെങ്കിലും തൊഴിൽ നൈപുണ്യത്തിൽ കുറവുണ്ടെങ്കിൽ അതത് കമ്പനിക്ക് അനുയോജ്യമായ കോഴ്‌സുകൾ സ്‌കൗട്ടിൽ നിന്നു തന്നെ തെരഞ്ഞെടുക്കാനും അവസരമുണ്ട്. അതുവഴി ജോലിയിലേക്കെത്താനും സാധിക്കും. ലോകത്തിലെ മികച്ച കമ്പനികൾ സ്‌കൗട്ടുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക