മലപ്പുറം: സിപിഎമ്മിന് കീഴിലുള്ള സഹകരണ ആശുപത്രിയായ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ രോഗി മരിച്ചു. സംഭവത്തെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ഐ.സി.യുവിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തി. ഐ.സി.യുവിലേക്ക് ഇരച്ചു കയറിയ ബന്ധുക്കള്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം.

റോഡപകടത്തില്‍ പരിക്കേറ്റ താഴെക്കോട് സ്വദേശി ഫാത്തിമത്ത് ഷമീബയാണ് മരിച്ചത്. വ്യാഴാച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷമീബക്ക് കാലിന്റെ തുടയെല്ലിന് ശസ്ത്രക്രിയ നടത്തി. എന്നാല്‍ ഇന്ന് രാവിലെ രക്തസമ്മര്‍ദ്ദം മൂര്‍ച്ഛിച്ച്‌ മരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡപകടത്തില്‍ പരിക്കുപറ്റി താഴെക്കോട് സ്വദേശി ഫാത്തിമത്ത് ഷമീബയെ ആശുപത്രിയില്‍ എത്തിക്കുകയും പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവവും കാലിന്റെ തുടയെല്ല് പൊട്ടിയതായും കണ്ടതിനെ തുടര്‍ന്നാണ് അഡ്‌മിറ്റ് ആക്കിയതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് ചികിത്സ ആരംഭിക്കുകയും ചെയ്തു. രക്തസമ്മര്‍ദ്ദം കുറവായതിനാല്‍ ന്യൂറോ സര്‍ജിക്കല്‍ ഐസിയുവില്‍ അഡ്‌മിറ്റായ രോഗിയെ രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ ആയതിനെ തുടര്‍ന്ന് കാലിന്റെ ഓപ്പറേഷന് വേണ്ടി തീയറ്ററില്‍ എത്തിച്ചു. ഇന്നു പുലര്‍ച്ചെ നാല് മണിയോടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേക്ക് മാറ്റുകയും രോഗിയുടെ ബന്ധുക്കളെ കാണിക്കുകയും രോഗിയുടെ വിവരങ്ങള്‍ അവരോട് ഡോക്ടര്‍ വിശദമായി പറഞ്ഞു മനസ്സിലാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രാവിലെ7:15 ഓടുകുടി രോഗിയുടെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയുകയും നില വഷളാവുകയും ചെയ്തതിനെതുടര്‍ന്ന് ഓര്‍ത്തോപീഡിക് സര്‍ജന്റെയും അനസ്തേഷ്യോളജിസ്റ്റിന്റെയും നേതൃത്വത്തില്‍ രോഗിക്ക് ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെയാണ് ജീവനക്കാരുടെ അനാസ്ഥയാണെന്ന് രോഗി മരിക്കാനിടയായതെന്നു ആക്ഷേപിച്ചുകൊണ്ട് രോഗിയുടെ നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നൂറോളം വരുന്ന ആളുകള്‍ ആശുപത്രി ഐസിയുവിലെത്തി പ്രതിഷേധിച്ചത്.

പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ആശുപത്രി മാനേജ്്മെന്റും രോഗിയുടെ ബന്ധുക്കളും നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പിഴവുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു .ഐ.സി.യു ഇന്‍ ചാര്‍ജിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മറ്റു ജീവനക്കാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താനും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആശുപത്രി സാധ്യമായ എല്ലാ ചികിത്സകളും രോഗിക്കു നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി ചെയര്‍മാന്‍ അറിയിച്ചു.സംഭവത്തിന്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.. ഇ.എം.എസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പെരിന്തല്‍മണ്ണ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക