വാഷിങ്ടണ്‍: ഐ.എസ്. തലവന്‍ അബു ഇബ്രാഹിം അല്‍ ഹഷിമി ഖുറേഷി ആത്മഹത്യ ചെയ്‌തെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ദൗത്യത്തില്‍ പങ്കെടുത്തവര്‍ സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്‌ലിയില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ യു.എസ്. സൈനി നീക്കത്തിലാണ് ഇബ്രാഹിം അല്‍ ഹഷിമി ഖുറേഷി ജീവനൊടുക്കിയത്.

ഐ.എസ്. തലവനായിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയെ യു.എസ്. വധിച്ചതിന് പിന്നാലെയാണ് ഇബ്രാഹിം അല്‍ ഹഷിമി ഖുറേഷി സംഘടനയുടെ തലപ്പത്തെത്തിയത്. വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഖുഹേഷിയുടെ മൂന്നു നില വീട്ടിലേക്ക് 24 കമാന്‍ഡോകളെയാണ് യു.എസ്. അയച്ചത്. ഇരുളിന്റെ മറവില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയ സൈനികര്‍ വീട് വളഞ്ഞതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടിലുള്ളവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഭീകരര്‍ തിരിച്ചടിക്ക് ശ്രമിച്ചു. ഇതിനിടെ ഇബ്രാഹിം അല്‍ ഹഷിമി ഖുറേഷി ചാവേറായി സ്‌ഫോടനം നടത്തുകയായിരുന്നെന്നാണ് പെന്റഗണിന്റെ വിശദീകരണം. സ്‌ഫോടനത്തില്‍ അദ്ദേഹവും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. പതിമൂന്നോളം പേര്‍ കൊല്ലപ്പെട്ടെന്നും അതില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. യു.എസ്. സൈനികര്‍ക്കു പരുക്കില്ലെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

ഏറ്റുമുട്ടലില്‍ സമീപവാസികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പലതവണ സ്‌ഫോടന ശബ്ദം കേട്ടെന്നും വെടിവയ്പ്പ് നടന്നതായും സമീപവാസികള്‍ മാധ്യമങ്ങളെ അറിയിച്ചു. ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. സിറിയയില്‍ കൂടുതല്‍ ആക്രമണം നടത്തി ശക്തി പ്രാപിക്കാന്‍ ഐ.എസ്. ശ്രമിക്കുന്നതിനിടെയാണ് യു.എസിന്റെ തിരിച്ചടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക