പനാജി: കോണ്‍ഗ്രസിന് പിന്നാലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് ആം ആദ്മിയും. ഗോവയിലെ ആം ആദ്മി പാര്‍ട്ടിയുടെ 40 സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയോട് വിശ്വസ്തരായിരിക്കുമെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചു. തങ്ങളുടെ എല്ലാ സ്ഥാനാര്‍ത്ഥികളും സത്യസന്ധരാണ്, എന്നാല്‍ ഈ സ്ഥാനാര്‍ത്ഥികള്‍ സത്യസന്ധരാണെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കാന്‍ ഈ സത്യവാങ്മൂലം ആവശ്യമാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കെജ്രിവാള്‍ ഗോവയിലെത്തിയിട്ടുണ്ട്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മി ഗോവയിലെത്തുന്നത്. 2017ലും പാര്‍ട്ടി സംസ്ഥാനത്ത് മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല. സൗജന്യ വൈദ്യുതി, ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കല്‍, എല്ലാവര്‍ക്കും തൊഴില്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 13 ഇന അജണ്ടയില്‍ ഗോവയില്‍ ആം ആദ്മി വാഗ്ദാനം ചെയ്തിട്ടുണ്ട്. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അമിത് പലേക്കറാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി മുഖം. നേരത്തെ കോണ്‍ഗ്രസും സമാനമായ സത്യപ്രതിജ്ഞ നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗോവന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രശ്നം അടിക്കടിയുള്ള കൂറുമാറ്റങ്ങളാണ്. ആളുകള്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുന്നതിന് മുമ്പ് തന്നെ അത് ഇല്ലാതാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ സത്യസന്ധമായ ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റാനാണ് തന്റെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അതിനായി കൂറുമാറ്റം ഒഴിവാക്കാനുള്ള സുപ്രധാന നടപടിയണിതെന്നും കെജ്രിവാള്‍ അറിയിച്ചു. സത്യപ്രസ്താവനക്ക് വിരുദ്ധമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തങ്ങളുടെ സ്ഥാനാര്‍ഥികള്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍, അവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള അവകാശമാണ് ഇതിലൂടെ നല്‍കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക