തിരുവനന്തപുരം: 30 വർഷം മുമ്പ് പിതാവ് ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ട് നട്ടംതിരിയുമ്ബോള്‍ പിതാവിനുകിട്ടിയ സഹായത്തിന്റെ കടംവീട്ടാന്‍ പത്രപ്പരസ്യം നല്‍കി മക്കള്‍. പരസ്യം സോഷ്യല്‍‌ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പെരുമാതുറ മാടന്‍വിള പുളിമൂട് ഹൗസില്‍ അബ്ദുള്ള ജീവിത മാര്‍ഗം തേടി 1980 കളില്‍ ഗള്‍ഫിലെത്തിയതാണ്. ജോലി തിരയുന്നതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. ഏറെ അലഞ്ഞിട്ടും ജോലി ലഭിച്ചില്ല. കൈവശമുള്ള പണവും തീര്‍ന്നു. അപ്പോഴാണ് ഒപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി ലൂയിസ് കൈവശമുണ്ടായിരുന്ന ചെറിയ തുക നല്‍കി സഹായിച്ചത്. ഈ പണം ഉപയോഗിച്ചു ജോലി അന്വേഷിക്കുന്നതിനിടെ അബ്ദുള്ളയ്ക്കു ഒരു ക്വാറിയില്‍ ജോലി ലഭിച്ചു. തൊഴില്‍ സംബന്ധമായി മാറിത്താമസിക്കേണ്ടി വന്നതോടെ ലൂയിസ് ഉള്‍പ്പെടെ സുഹൃത്തുക്കളുമായുള്ള ബന്ധം മുറിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വര്‍ഷങ്ങള്‍ക്കു ശേഷം പ്രവാസ ജീവിതം മതിയാക്കി അബ്ദുള്ള നാട്ടിലെത്തി. വിശ്രമ ജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ച്‌ അബ്ദുള്ള മക്കളോടു പറഞ്ഞു. എവിടെയാണെങ്കിലും ലൂയിസിനെ നേരിട്ടു കണ്ടു കടം വീട്ടണമെന്ന ആഗ്രഹവും അറിയിച്ചു. പരിചയക്കാര്‍ പലരോടും തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു പത്രത്തില്‍ പരസ്യം നല്‍കി. എന്നിട്ടും ലൂയിസിനെ കണ്ടെത്താനായില്ല.

വിഷമാവസ്ഥയില്‍ താങ്ങായ സ്നേഹിതനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുള്ള കഴിഞ്ഞ 23 ന് 83ാം വയസില്‍ മരിച്ചു. എങ്ങനെയും ആ കടം വീട്ടണമെന്ന് അന്ത്യാഭിലാഷമായി പിതാവ് അറിയിച്ചെന്നും നാസറിനെ ഉദ്ധരിച്ച്‌ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴത്തെ മൂല്യമനുസരിച്ച്‌ 22,000 രൂപയേ നല്‍കാനുളളൂവെങ്കിലും ബാപ്പയുടെ ആഗ്രഹത്തിന് അതിലും എത്രയോ മടങ്ങ് മൂല്യമുണ്ടെന്ന് അബ്ദുള്ളയുടെ കുടുംബത്തിന് അറിയാം.

നാസര്‍ ഉള്‍പ്പെടെ 7 മക്കളാണുള്ളത്. ലൂയിസിനെയോ സഹോദരന്‍ ബേബിയെയോ കണ്ടെത്താനായി വീണ്ടും പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുകയാണ് നാസര്‍. ഫോണ്‍ 7736662120.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക