കൊല്ലം: ഉത്ര വധവുമായി ബന്ധപ്പെട്ട സ്ത്രീധന, ഗാര്‍ഹിക പീഡനക്കേസില്‍ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നില്‍ മജിസ്ട്രേട്ട് പി എസ് അമ്പിളിചന്ദ്രന്‍ മുമ്പാകെ ചൊവ്വാഴ്ച കുറ്റപത്രം വായിക്കും. കുറ്റപത്രം കേള്‍ക്കാനായി കേസിലെ പ്രതികളായ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ കോടതിയില്‍ ഹാജരാക്കും. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എ ശ്രീകുമാര്‍ ഹാജരാകും.

ഉത്രയെ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരംകോട് ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ (27) പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. സൂരജ് ഒന്നാം പ്രതിയായി അന്വേഷകസംഘം കോടതിയില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഞ്ചല്‍ ഏറം വെള്ളാശേരില്‍ വി വിജയസേനന്റെയും ആര്‍ മണിമേഖലയുടെയും മകള്‍ ഉത്രയെ 2020 മെയ് ഏഴിന് രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ആറിനു രാത്രി ഭര്‍ത്താവ് സൂരജുമൊത്ത് ഉറങ്ങാന്‍പോയ ഉത്രയെ മൂര്‍ഖന്റെ കടിയേറ്റ് മരിച്ച നിലയിലാണ് അടുത്ത ദിവസം ബന്ധുക്കള്‍ കണ്ടത്. മുറിയില്‍നിന്ന് പാമ്പിനെയും കണ്ടെത്തിയിരുന്നു. അതിനു മുമ്പും സൂരജിന്റെ വീട്ടില്‍വച്ച്‌ ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2018 മാര്‍ച്ച്‌- 25നായിരുന്നു സൂരജിന്റെയും ഉത്രയുടെയും വിവാഹം. ഇവര്‍ക്ക് ഒന്നേകാല്‍ വയസ്സുള്ള ധ്രുവ് എന്ന മകനുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ സൂരജിന്റെ പറക്കോട്ടെ വീട്ടില്‍ ഉത്ര നിരന്തരം ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായെന്നാണ് കുറ്റപത്രത്തില്‍ അന്വേഷകസംഘം തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നത്. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന, ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണത്തില്‍ കുറവുവന്നതും അവ സൂരജിന്റെ വീടിനോടുചേര്‍ന്ന റബര്‍പുരയിടത്തില്‍ ഒളിപ്പിച്ചതും കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിവാഹസമയത്ത് 90 പവന്‍ ആഭരണവും അഞ്ചു ലക്ഷം രൂപയുമാണ് നല്‍കിയത്.

പാമ്പുകളെ ദുരുപയോഗിച്ചതിന് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലും സൂരജ് ഒന്നാം പ്രതിയാണ്. പാമ്പു പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷാണ് രണ്ടാം പ്രതി. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക