കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനം. പ്രതികള്‍ ഫോണുകള്‍ കൈമാറാത്ത കാര്യവും കോടതിയെ അറിയിക്കും. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇതിനു തയാറായിരുന്നില്ല. ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക. പ്രതികളുടെ അപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന നിലപാടിലുമാണ് അന്വേഷണസംഘം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരന്‍ അനൂപ്, സഹായി അപ്പു എന്നിവര്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്. ഇന്ന് ഹൈക്കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്നും ഫോണ്‍ ഹാജരാക്കാനാകില്ലെന്നും ദിലീപ് മറുപടി നല്‍കി. അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. നിലവിലുള്ള കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഫോണില്‍ ഇല്ല. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം കോടതിയില്‍ നല്‍കാമെന്നും ദിലീപ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക