ഭൂവനേശ്വര്‍: രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിലാണ് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി പട്‌നായികിനെ തെരഞ്ഞെടുത്തത്.

സര്‍വേ പ്രകാരം പട്ടികയില്‍ മികച്ച പ്രകടനം നടത്തിയവരില്‍ ഒറ്റ ബി.ജെ.പി മന്ത്രി മാത്രമാണുള്ളത്. കോണ്‍ഗ്രസിന്റെ രണ്ട് മുഖ്യമന്ത്രിമാരും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, പിണറായി വിജയന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരും പട്ടികയിലിടം നേടി. വര്‍ഷത്തില്‍ രണ്ട് തവണ രാജ്യവ്യാപകമായാണ് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ സംഘടിപ്പിക്കാറുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒഡീഷയില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം ആളുകളും പട്‌നായികിനെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗില്‍ പങ്കെടുത്ത 2,743 പേരില്‍ നിന്നുള്ള 71ശതമാനം ജനങ്ങളും പട്‌നായികിന്റെ ഭരണമികവിനെയും ഭരണമാതൃകയെയും പിന്തുണക്കുന്നു. കഴിഞ്ഞ തവണത്തെ സര്‍വേയിലും നവീന്‍ പട്‌നായികിനെ തന്നെയായിരുന്നു ഏറ്റവുമധികം ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നത്.

ബംഗാളില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത 4,982 പേരില്‍ നിന്നും 69.9 ശതമാനം ആളുകളുടെ പിന്തുണയോടെയാണ് മമത ബാനര്‍ജി രണ്ടാം സ്ഥാനത്തെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് 67.5 ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ദവ് താക്കറെയാണ് പട്ടികയില്‍ നാലാമത്. 61.8 ശതമാനം ആളുകളാണ് താക്കറെയെ പിന്തുണയ്ക്കുന്നത്. 61.1 ശതമാനം ആളുകളാണ് പിണറായി വിജയന്റെ ഭരണനേട്ടത്തെ അംഗീകരിക്കുന്നത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പിണറായി വിജയന്‍.

കെജ്‌രിവാളിന്റെ ജനപ്രീതി കഴിഞ്ഞ തവണത്തെക്കാളും കുറഞ്ഞു എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ആറാം സ്ഥാനത്തുള്ള കെജ്‌രിവാളിന് 57.9 ശതമാനം ആളുകളുടെ പിന്തുണയാണുള്ളത്.

അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മയാണ് പട്ടികയിലെ ഏക ബി.ജെ.പി മുഖ്യമന്ത്രി. 56.6 ശതമാനമാണ് അദ്ദേഹത്തിന്റെ ജനപിന്തുണ. ബി.ജെ.പിയുടെയോ സഖ്യത്തിലിരിക്കുന്ന മറ്റുമുഖ്യമന്ത്രിമാരാരും തന്നെ പട്ടികയിലില്ല. പട്ടികയില്‍ എട്ടും ഒന്‍പതും സ്ഥാനങ്ങളാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ ഭൂപേഷ് ഭാഗലിനും അശോക് ഗെലോട്ടിനും ലഭിച്ചിരിക്കുന്നത്. 51.4 ശതമാനം ഛത്തീസ്ഗഡുകാര്‍ ഭാഗലിലും 44.9 ശതമാനം രാജസ്ഥാന്‍കാര്‍ അശോക് ഗെലോട്ടിലും തൃപ്തി രേഖപ്പെടുത്തി. രാജ്യത്ത് കോണ്‍ഗ്രസിന് ആകെയുള്ള മൂന്ന് മുഖ്യമന്ത്രിമാരില്‍ രണ്ട് പേരും പട്ടികയില്‍ ഇടം പിടിച്ചു എന്നതാണ് ശ്രദ്ധേയം.

അതേസമയം ഗുജറാത്ത്, ഉത്തരാഖണ്ഡ്, യു.പി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പ്രകടനത്തില്‍ 50 ശതമാനത്തിന് താഴെ മാത്രമാണ് പിന്തുണ. യുപിയില്‍ 48.7% പേര്‍ മാത്രമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ തൃപ്തിയറിയിച്ചത്. ഹിമാചല്‍ പ്രദേശ്, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളില്‍ – 35%- 40% നും ഹരിയാന, കര്‍ണാടക, പുതുച്ചേരി, ഗോവ എന്നീ നാല് സംസ്ഥാനങ്ങളില്‍ 27% നും 35%. ഇടയിലാണ് റേറ്റിങ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക