കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ സിപിഐഎം നിലപാടില്‍ മാറ്റമില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്‍ ഷുഹൈബും താഹ ഫസലും സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പുലര്‍ത്തി. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും പി മോഹനന്‍ പറഞ്ഞു. കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പി മോഹനന്‍.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. സിപിഐഎം അംഗങ്ങളായ അലനെയും താഹയെയും അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തിയത് ആത്യന്തികമായി സംഘടനയ്ക്കാണ് ക്ഷീണമുണ്ടാക്കിയതെന്നും സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷയത്തില്‍ സര്‍ക്കാരിനും നേതൃത്വത്തിനും ജാഗ്രത കുറവുണ്ടായി. പൊലീസിന് കീഴ്‌പ്പെട്ട് കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ല. പാര്‍ട്ടി കുടുംബായിരുന്നിട്ടുപോലും സര്‍ക്കാരും പാര്‍ട്ടിയും ജാഗ്രത കാണിച്ചില്ല. യുഎപിഎ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നുമായിരുന്നു വിമര്‍ശനം.

പാര്‍ട്ടി പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് അലനും താഹയ്ക്കുമെതിരെ കേസെടുത്തത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ സുപ്രീം കോടതി പൊലീസിനുനേരെ നടത്തിയ പരാമര്‍ശം സര്‍ക്കാരിനും ബാധകമാണെന്നും കുറ്റിച്ചിറ, ഒളവണ്ണ ലോക്കല്‍ കമ്മിറ്റി പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. എന്നാല്‍ അലന്‍ ഉള്‍പ്പെട്ട പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയും താഹ ഉള്‍പ്പെട്ട പന്തീരാങ്കവ് ലോക്കല്‍ കമ്മിറ്റിയും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അലനെതിരെ നടപടിയെടുത്ത ശേഷം പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ നടത്തിയ റിപ്പോര്‍ട്ടിംഗില്‍ നേതൃത്വം പൊലീസിനെ ന്യായീകരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക