ഡൽഹി: ഇനി 25 വയസ്സുമുതൽ തന്നെ പ്രമേഹം കണ്ടെത്തുന്നതിന് സ്‌ക്രീനിങ് പരിശോധനകൾ ആരംഭിക്കണമെന്ന് ഗവേഷകർ. പ്രമേഹത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. രാജ്യമൊട്ടാകെ നടത്തിയ പഠനത്തിന് ശേഷം ‘ഡയബെറ്റിക് ആൻഡ് മെറ്റബോളിക് സിൻഡ്രോം-ക്ലിനിക്കൽ റിസർച്ച് ആൻഡ് റിവ്യൂസ്’ എന്ന മെഡിക്കൽ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

നിലവിൽ സർക്കാരിന്റെയും ഐ.സി.എം.ആറിന്റെയും നിർദേശങ്ങളിൽ പറയുന്നത് 30 വയസ്സ് മുതൽ പ്രമേഹ പരിശോധനകൾ നടത്തണമെന്നാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ചെറുപ്പക്കാരിൽ പ്രമേഹം കണ്ടെത്തുന്നതിന്റെ തോത് കൂടിയിട്ടുണ്ടെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡയബറ്റിക് കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ സ്‌ക്രീനിങ് നേരത്തെ നടത്തേണ്ട അവസ്ഥയാണ്- ഗവേഷകർ അഭിപ്രായപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിൽ 77 മില്ല്യൺ പ്രമേഹരോഗികളുണ്ട്. ഡയബറ്റിക് കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തതിൽ നിന്നും ഗവേഷകർക്ക് മനസ്സിലാക്കാനായത് 30 വയസ്സിന് താഴെയുള്ള 77.6 ശതമാനം പേരും അമിതവണ്ണവും ഭാരവും ഉള്ളവരാണെന്നാണ്. കൂടുതൽ ചെറുപ്പക്കാരാണ് പ്രമേഹം മൂലം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നത്. ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും പ്രമേഹം മൂലം ഉണ്ടാകുന്നുവെന്നും പഠനത്തിൽ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണം ചെറുപ്പം മുതൽ തന്നെ ഭക്ഷണശീലങ്ങളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

25 വയസ്സുള്ള ഒരാൾക്ക് കുടവയർ, അമിതവണ്ണം, അമിതഭാരം, കുടുംബത്തിൽ പ്രമേഹ പാരമ്പര്യം എന്നിവയുണ്ടെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും പ്രമേഹ പരിശോധന നടത്തണമെന്നും ഗവേഷകർ നിർദേശിക്കുന്നു. ഡോ. അനൂപ് മിശ്ര, മലയാളി പ്രമേഹ രോഗവിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവർ പഠന സംഘത്തിലുണ്ട്.

കേരളത്തിൽ പ്രമേഹത്തിന്റെ വ്യാപ്തി കൂടുതലാണ്. കേരളത്തിലെ ചെറുപ്പക്കാരിലും ഇതേ ട്രെൻഡ് തന്നെയാണ് കാണാനുള്ളത്. അതിനാൽ തന്നെ പ്രമേഹം നേരത്തെ കണ്ടെത്താനുള്ള പരിശോധനകളും ആരോഗ്യകരമായ ജീവിതശൈലിയും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക