തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്നും, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 115 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള തീരത്ത് നിന്നും മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകാന്‍ പാടില്ല. തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്
ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക