തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നമ്ബര്‍ സംവിധാനം നടപ്പിലാക്കുന്നു. ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേകം നമ്ബറുകള്‍ നല്‍കുന്ന സംവിധാനമാണ് കെഎസ്‌ആര്‍ടിസിയുടെ സിറ്റി ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യത്യസ്‍ത നിറങ്ങളിലായിരിക്കും ഈ നമ്ബറുകള്‍ രേഖപ്പെടുത്തുക.

റൂട്ട് നമ്ബറിങ്ങിനെക്കുറിച്ച്‌ 2016- ല്‍ കെ എസ് ആര്‍ ടി സി പഠനം നടത്തിയിരുന്നു. ജില്ലാ ഭരണകൂടം, ഡിടിപിസി എന്നിവയുടെ സാമ്ബത്തിക സഹായത്തോടെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് വിഭാഗവുമായി ചേര്‍ന്നായിരുന്നു പഠനം. ഈ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ സ്ഥലങ്ങള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകളാണ് നല്‍കിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിഴക്കേക്കോട്ട, പേരൂര്‍ക്കട, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട് ഡിപ്പോകളിലെ 100 ഓളം ബസുകളിലാണ് ആദ്യഘട്ടത്തില്‍ നമ്ബര്‍ രേഖപ്പെടുത്തുക. കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡിലെ നമ്ബറുകള്‍ ഒന്നിലാണ് തുടങ്ങുന്നത്. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നാല്, അഞ്ച് അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകളും നെടുമങ്ങാട് താലൂക്കില്‍ ആറ്, ഏഴ് അക്കങ്ങളിലും വര്‍ക്കല, ചിറയിന്‍കീഴ് താലുക്കുകളില്‍ എട്ട്, ഒമ്ബത് അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകളുമാണ് നല്‍കിയിരിക്കുന്നത്.

താലൂക്ക് അടിസ്ഥാനത്തില്‍ ഈ അക്കങ്ങള്‍ക്ക് നിറങ്ങളും നല്‍കും. ഓരോ താലൂക്കിനും ഓരോ നിറമാണ് നല്‍കുക. തിരുവനന്തപുരം നഗരത്തിലെ സ്ഥലങ്ങളുടെ അക്കങ്ങള്‍ നീലനിറത്തിലായിരിക്കും രേഖപ്പെടുത്തുക. നെയ്യാറ്റിന്‍കര, കാട്ടാക്കട – മഞ്ഞ, നെടുമങ്ങാട് – പച്ച, വര്‍ക്കല, ചിറയിന്‍കീഴ് – ചുവപ്പ് എന്നിങ്ങനെയാണ് നിറങ്ങള്‍ നല്‍കുക.

സ്ഥലത്തിന്‍റെ നമ്ബര്‍ ബോര്‍ഡിന്റെ ഇടതുവശത്താണ് രേഖപ്പെടുത്തുക. സര്‍വീസ് എത് കാറ്റഗറിയാണെന്ന് അതായത് സിറ്റി ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് പാസഞ്ചര്‍- എന്ന് വ്യക്തമാക്കുന്ന ചുരുക്കെഴുത്ത് ബോര്‍ഡിന്റെ വലതുവശത്തും പ്രദര്‍ശിപ്പിക്കും. കളര്‍ കോഡിംഗോടു കൂടിയതായിരിക്കും ഈ ചുരുക്കെഴുത്ത്. സ്ഥലങ്ങളുടെ പേരുകള്‍ എഴുതുന്നതിനും പ്രത്യേക നിറങ്ങള്‍ ഉപയോഗിക്കും. സിറ്റി ഓര്‍ഡിനറി ബസുകളുടെ ബോര്‍ഡുകളില്‍ കറുപ്പ്, നീല നിറങ്ങളിലായിരിക്കും സ്ഥലപ്പേരുകള്‍ എഴുതുക. സിറ്റി ഫാസ്റ്റില്‍ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളായിരിക്കും സ്ഥലപ്പേരുകള്‍ എഴുതുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ കിഴക്കേക്കോട്ടയിലെ ബസുകളില്‍ നമ്ബറിട്ടു കഴിഞ്ഞു. മറ്റ് ഡിപ്പോകളില്‍ രണ്ടുദിവസത്തിനുള്ളില്‍ നടപ്പാക്കും. വൈകാതെ തന്നെ സംസ്ഥാനം മുഴുവന്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് കെഎസ്‌ആര്‍ടിസിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക