തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പോരാട്ടങ്ങൾക്ക് പ്രതിപക്ഷ സംഘടനകൾ ഒരുങ്ങുമ്പോൾ, ഡിവൈ.എഫ്.ഐ ദേശീയ നേതൃത്വത്തിലേയ്ക്കു സംസ്ഥാനത്തെ യുവ രക്തം രംഗത്ത് എത്തുന്നു. സംസ്ഥാനത്തെ ഏറ്റവും സജീവമായ രണ്ടു യുവ നേതാക്കളായ എ.എ റഹിമും, മുൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയക് സി.തോമസുമാണ് ഇപ്പോൾ ഡൽഹിയിലേയ്ക്ക് എത്തുന്നത്. ഇതോടെ വരും ദിവസങ്ങൾ ഡൽഹിയിൽ സമര രൂക്ഷിതമാകുമെന്ന് ഉറപ്പായി.

ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റായി എ.എ റഹീമിനെ തിരഞ്ഞെടുത്തതോടെയാണ് ഇപ്പോൾ വീണ്ടും കേരളത്തിലെ സമര പോരാട്ടം ഡൽഹിയിലും സജീവമാകുമെന്ന് ഉറപ്പായി. നിലവിൽ സംസ്ഥാന സെക്രട്ടറിയാണ്. ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ദേശീയ പ്രസിഡന്റിന്റെ ചുമതല നൽകാൻ തീരുമാനിച്ചത്. കേരളത്തിൽ നിന്നും ജെയ്ക് സി. തോമസിനെ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിപ്പിക്കാനും തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ജെയ്ക്. തിരുവനന്തപുരം സ്വദേശിയായ റഹിമാണ് കൊവിഡ് കാലത്ത് ആക്രി പെറുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു പണം കണ്ടെത്തിയത്. ഇത് കൂടാതെ പ്രളയകാലത്ത് അടക്കം കേരളത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഡിവൈ.എഫ്.ഐയെ സജീവമാക്കിയതും റഹിമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി.എം.എസ് കോളേജിലെ സമരത്തോടെയാണ് ജെയ്ക് സി.തോമസ് എസ്.എഫ്.ഐ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. തുടർന്നു, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രണ്ടു തവണ പുതുപ്പള്ളിയിലും ജെയ്ക് മത്സരിച്ചിരുന്നു. മന്ത്രിയെന്ന നിലയിലെ തിരക്കുകൾ മൂലം പി.എ. മുഹമ്മദ് റിയാസ് ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനെ തുടർന്നാണ് റഹീമിനെ തീരുമാനിച്ചത്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹീം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കല മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. നിയമബിരുദധാരിയും ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയുമാണ്. ദേശീയ പ്രസിഡന്റായതോടെ റഹീം സംസ്ഥാന സെക്രട്ടറി പദവി ഒഴിയും. വൈകാതെ സംസ്ഥാന കമ്മിറ്റി ചേർന്ന് പുതിയ സെക്രട്ടറിയെ തീരുമാനിക്കും.

കേന്ദ്ര ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ഒരു ചാലക ശക്തിയായി തുടർന്നും പ്രവർത്തിക്കുമെന്ന് എ.എ.റഹീം പറഞ്ഞു. ഇന്ത്യയിൽ മതനിരപേക്ഷതയും ഭരണഘടനയും അപകടത്തിലാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉദാരവത്കരണ നയങ്ങൾ രാജ്യത്തെ തകർക്കുകയാണ്. ഉദാരവത്കരണത്തിന് തുടക്കമിട്ടത് കോൺഗ്രസ് ആണ്. ഇന്നുവരെ നയങ്ങൾ നടപ്പിലാക്കിയത് തെറ്റായിപ്പോയി എന്ന് അവർ പറഞ്ഞിട്ടില്ല. ഈ നയങ്ങൾ തള്ളിപ്പറയാതെ മോദി സർക്കാരിനെതിരെ കോൺഗ്രസിന് എങ്ങനെ സമരം ചെയ്യാൻ കഴിയും. ഭരണകൂടം നടത്തുന്ന ജനാധിപത്യ ധ്വംസനം ഗുരുതരമാണ്. ഇതിന് ഉദാഹരണമാണ് ത്രിപുര. കേന്ദ്രകമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്തു. ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധയിൽ കൊണ്ടുവരാൻ നവംബർ 15ന് ത്രിപുര ഐക്യദാർഢ്യ ദിനമായി ആചരിക്കും. ഡിസംബർ 6 ന് ബാബ്‌റി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിൽ വർഗീയ ശക്തികൾക്കെതിരായ പ്രചാരണത്തിനും തുടക്കം കുറിക്കും. കേരളത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ നവംബർ 1 മുതൽ സെക്യുലർ ഫെസ്റ്റിന് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക