തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാനത്ത് എത്തിയ പ്രളയത്തിൽ സർക്കാരിന്റെ ഇടപെടലിനെതിരെ വിമർശനം ശക്തം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമാണ് ഇപ്പോൾ വിമർശനവുമായി രംഗത്ത് എത്തിയത്. പ്രകൃതിദുരന്തം മൂലം സർവതും നഷ്ടപ്പെട്ട് പെരുവഴിയിലും ദുരിതാശ്വാസ ക്യാമ്പിലും കഴിയുന്ന പതിനായിരക്കണക്കിന് പാവങ്ങൾക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നൽകുന്നതിൽ പിണറായി സർക്കാർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എംപി. ദുരിതാശ്വാസ സഹായത്തിന് വർഷങ്ങളായി കാത്തിരിക്കുന്നവരുടെ ദയനീയാവസ്ഥ സർക്കാരിന്റെ കണ്ണുതുറപ്പിക്കണം. ഇത്തവണയെങ്കിലും പ്രളയബാധിതർക്ക് സമയബന്ധിതമായി സഹായം എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

2018 മഹാപ്രളയത്തിലെ ദുരിതാശ്വാസ ധനസഹായം ഇതുവരെ എല്ലാവർക്കും ലഭ്യമായിട്ടില്ലെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. അന്ന് പ്രഖ്യാപിച്ച നാമമാത്രമായ 10000 രൂപയ്ക്ക് സർക്കാർ ഓഫീസുകൾ കയറിയിറങ്ങി പലരും മടുത്തു. ധനസഹായം ലഭിക്കാൻ അതിനേക്കാൾ വലിയ തുക ചെലവാക്കേണ്ട അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് സി.പി.എം നേതാക്കളുടെ പ്രളയ ഫണ്ട് തട്ടിപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 ൽ 66 പേർ മരിച്ച പെട്ടിമുടിയിലെ 20 ഓളം കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സാമ്ബത്തിക സഹായം ഏറെ വൈകിയാണ് ലഭിച്ചത്. സാങ്കേതിക തടസം ചൂണ്ടിക്കാട്ടിയാണ് (അനന്തരാവകാശ സർട്ടിഫിക്കറ്റ്) മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം സംസ്ഥാന സർക്കാർ തടഞ്ഞത്. 59 പേർ മരിച്ച കവളപ്പാറയിലും 12 പേർ മരിച്ച പുത്തുമലയിലും ഇതുവരെ പുനരധിവാസം പൂർത്തിയാക്കിയില്ല. കവളപ്പാറ ദുരന്തത്തിലെ 32 കുടുംബങ്ങൾക്ക് രണ്ടു വർഷം ദുരിതാശ്വാസ ക്യാംപിൽ കഴിയേണ്ടി വന്നു. പ്രളയ ദുരിതാശ്വാസ ധനസഹായ ഫണ്ടിന്റെയും റീ ബിൽഡ് കേരളയുടെയും പേരിൽ ശതകോടികൾ പിരിച്ചെടുത്തിട്ടാണ് സർക്കാർ ധനസഹായത്തിനായി ദുരിതബാധിതർക്ക് നെട്ടോട്ടമോടേണ്ടി വന്നത്.

കേരളത്തിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശത്തും നീർത്തടത്തോട് ചേർന്നും 5924 ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ മൂന്നിലൊന്നു പോലും നിയമാനുസൃതമല്ല. 2018ലെ മഹാപ്രളയത്തിനുശേഷം പോലും 223 ക്വാറികൾക്ക് പിണറായി സർക്കാർ അനുമതി നല്കി. കൂടാകെ ജനവാസമേഖല, വനപ്രദേശം എന്നിവയുടെ സമീപത്ത് ക്വാറി പ്രവർത്തിക്കാനുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു നൽകുകയും ചെയ്തു. എത്ര കൊണ്ടാലും പഠിക്കില്ല എന്നതാണ് പിണറായി സർക്കാരിന്റെ പിടിവാശി.

2696 രാജകീയ മരങ്ങൾ കാട്ടുകള്ളന്മാർ വെട്ടിക്കൊണ്ടുപോയി കാട് വെടിപ്പാക്കിയപ്പോൾ സർക്കാർ നോക്കുകുത്തിയായി നിന്നു. പ്രതികളെ രക്ഷിക്കാൻ എല്ലാ സൗകര്യവും ചെയ്തു കൊടുത്തു. മരങ്ങൾ വെട്ടിവീഴ്ത്തുന്നത് മണ്ണൊലിപ്പിനും പ്രളയത്തിനും വഴിയൊരുക്കുമെന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാമെങ്കിലും സർക്കാരിന്റെ കണ്ണുതുറക്കില്ല.

2018 ലെ ലെ പ്രളയത്തിന് ശേഷം നെതർലൻഡ്സിൽപ്പോയി നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ പലതും പഠിച്ചെന്നും അവ ഉടനേ കേരളത്തിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതുവരെ ഒന്നും നടപ്പാക്കിയതായി കാണുന്നില്ല. അതൊരു വിനോദ സഞ്ചാര യാത്രയായിരുന്നോ എന്നു ജനങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. 2018 ലെ മഹാപ്രളയം മനുഷ്യനിർമ്മിതമാണെന്നതിന്റെ പരോക്ഷ കുറ്റസമ്മതം കൂടിയാണ് കഴിഞ്ഞ ദിവസം ഡാം തുറക്കലുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി പുറപ്പെടുവിച്ച പ്രസ്താവനയെന്നും സുധാകാരൻ ആരോപിച്ചു.

മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ദുരന്തമേഖലയിൽ പോയോ എന്ന് തനിക്കറിയില്ലെന്നും താൻ കോട്ടയത്തെയും പത്തനംതിട്ടയിലെയും ദുരന്തമേഖലയിൽ സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സംവിധാനങ്ങൾ ഒന്നും ദുരന്ത മേഖലയിൽ കാണാനില്ല. സേവാഭാരതി പ്രവർത്തകരും മറ്റു സന്നദ്ധസംഘടനാ പ്രവർത്തകരുമാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നത്. മന്ത്രിമാർ സന്ദർശനം നടത്തി തിരിച്ചുപോവുകയല്ലാതെ പണം ഇതുവരെ ചെലവഴിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളോ എം.എൽ.എമാരോ തിരിഞ്ഞു നോക്കാത്ത ക്യാമ്ബുകളുണ്ട്. നാലേമുക്കാൽ കോടി രൂപ സർക്കാർ അനുവദിച്ചിട്ടും ഒരു തുക പോലും ചിലവഴിച്ചിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

പ്രളയക്കെടുതി അനുഭിക്കുന്ന നാലു ജില്ലകളിലേക്കും ബി.ജെ.പി പ്രവർത്തകർ അവശ്യസാധനങ്ങൾ എത്തിക്കും. കേന്ദ്രം നൽകിയ 3000ൽ അധികം കോടിയുടെ കണക്ക് എവിടെ? പ്രളയസെസ് പിരിച്ച പണം എവിടെ ചിലവഴിച്ചു. 10,000 കോടി രൂപ പിരിച്ചിട്ടും ആർക്കെങ്കിലും നഷ്ടപരിഹാര തുക നൽകിയോ? ഇതിനൊന്നും മറുപടി പറയാത്ത വിജയരാഘവൻ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക