തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ അച്ഛനെ ദശരഥനാക്കി പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്. ചടയമംഗലത്ത് വൈറൽ വീഡിയോയിൽ ഉൾപ്പെട്ട യുവാവിനെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, യുവാവ് വായിൽ തോന്നിയത് പറഞ്ഞത് കേട്ട് സർക്കാരിന് കാശുണ്ടാക്കാൻ ഇറങ്ങിത്തിരിച്ച പൊലീസുകാർക്കെതിരെ പക്ഷേ, കേസില്ല.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്. വാഹന പരിശോധനയ്ക്കിടെ അയോദ്ധ്യയിലെ ദശരഥന്റെ മകൻ രാമൻ എന്ന പേരും വിലാസവും നൽകിയാണ് യുവാവ് പോലീസിനെ കബളിപ്പിച്ചത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് പൊലീസിനെ ട്രോളിക്കൊണ്ട് നിരവധി പേർ രംഗത്തെത്തുകയുമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംസി റോഡിൽ കുരിയോട് നെട്ടേത്തറയിൽ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. നിയമലംഘനം ചോദ്യം ചെയ്തതിന് യുവാക്കൾ പൊലീസിന് നേരെ തട്ടിക്കയറുകയായിരുന്നു. തുടർന്ന് ബഹളത്തിനിടെ പേരും വിവരങ്ങളും പറഞ്ഞുകൊടുത്തു. സ്ഥലം അയോദ്ധ്യയെന്നും അച്ഛന്റെ പേര് ദശരഥൻ എന്നും സ്വന്തം പേര് രാമൻ എന്നുമാണ് നന്ദകുമാർ പറഞ്ഞത്.

നന്ദകുമാർ നൽകിയത് തെറ്റായ പേരും വിലാസവുമാണെന്ന് മനസിലായെങ്കിലും പേര് എന്തായാലും സർക്കാരിന് കാശു കിട്ടിയാൽ മതിയെന്നായിരുന്നു പിഴയൊടുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. 500 രൂപയാണ് പെറ്റി എഴുതി നൽകിയത്. എന്നാൽ കള്ളപ്പേരും വിലാസവും എഴുതിയെടുത്ത പൊലീസിനെ ട്രോളിക്കൊണ്ട് വീഡിയോ പ്രചരിച്ചതോടെയാണ് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. ഐപിസി 419, കേരള പൊലീസ് ആക്ടിലെ 121, മോട്ടോർ വാഹന നിയമത്തിലെ 179 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ നവമാധ്യമങ്ങളിൽ നേരിട്ട അപമാനത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക