തിരുവനന്തപുരം: ജലനിരപ്പ്​ ഉയര്‍ന്നതോടെ കേരള ഷോളയാര്‍ ഡാം തുറന്നു. ചാലക്കുടിയില്‍ വൈകീട്ട്​ നാല്​ മണിയോടെ വെള്ളമെത്തും.ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന്​ അധികൃതര്‍ അറിയിച്ചു.ഇടുക്കി അണക്കെട്ടില്‍ രാവിലെ ഏഴുമണി മുതല്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍ എത്തിയതിനെ തുടര്‍ന്നാണ്​ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉള്ളത്. അണക്കെട്ടില്‍ ജലനിരപ്പ്​ രണ്ടടി കൂടി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. 2397.86 അടിയില്‍ എത്തിയാല്‍ റെഡ്​ അലര്‍ട്ട്​ പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച്​ അലര്‍ട്ടും റെഡ്​ അലര്‍ട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്​.കാലവര്‍ഷം ശക്​തി പ്രാപിച്ചതിനാലും വൃഷ്​ടി പ്രദേശത്ത്​ തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലുമാണ്​ അണക്കെട്ടില്‍ ജലനിരപ്പ്​ ഉയരുന്നത്​. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്​. ജലനിരപ്പ് 133 അടി പിന്നിട്ടു. എറണാകുളം ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലുഅലര്‍ട്ട്​ പ്രഖ്യാപിച്ചു.പത്തനംതിട്ട പമ്ബ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടില്‍ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയില്‍ മഴക്ക്​ ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്​ ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. കൊല്ലം തെന്‍മല ഡാമിന്‍റെ ഷട്ടറുകളും ഉയര്‍ത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക