കോട്ടയം: ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂരത ബ്രിട്ടീഷുകാരെ പോലും തോൽപ്പിക്കുന്നതാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. കർഷകരോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് കാലത്ത് പോലും കർഷകരോട് ഇത്തരത്തിൽ ക്രൂരത ചെയ്ത ചരിത്രമില്ല. എല്ലാം തങ്ങളുടെ അധീനതയിൽ വരണമെന്നും, തങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ആയുധം ഉപയോഗിച്ച് പോലും അടിച്ചമർത്തുമെന്നുമുള്ള ഭീഷണിയാണ് കേന്ദ്ര സർക്കാർ കർഷക സമരത്തോട് കാട്ടുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർ പ്രദേശിൽ കർഷകരുടെ പ്രതിഷേധത്തിനു നേരെ കാറോടിച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രിയുടെ മകന്റെ ക്രൂരതയ്ക്കും, പ്രതിഷേധ സ്ഥലത്ത് എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിച്ച് നഗരംചുറ്റി നടന്ന പന്തംകൊളുത്തി പ്രകടനത്തിൽ നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് ജില്ലാ
പ്രസിഡന്റ് ചിന്റു കുര്യൻ ജോയി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ.ജോണി ജോസഫ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ പി.കെ വൈശാഖ്, ജെന്നിൻ ഫിലിപ്പ്, തോമസ്‌കുട്ടി മുക്കാല, അജീഷ് വടവാതൂർ, രാഹുൽ മറിയപ്പള്ളി, ജെയിംസ് തോമസ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു, അനൂപ് അബൂബക്കർ, നിഷാന്ത് ആർ.നായർ, അബുതാഹിർ, സുബിൻ ജോസഫ്, ഡാനി രാജു, യദു സി.നായർ എന്നിവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക