ലോക കേരള സഭയിലും മറ്റും സജീവ സന്നിധ്യമാണ് തൃശൂരുകാരി അനിതാ പുല്ലയില്‍. അതിനിടെ സൈബര്‍ പൊലീസിന്റെ കൊക്കൂണ്‍ മീറ്റിലും ഇവര്‍ പങ്കെടുത്തിരുന്നു. അതും മോന്‍സണ്‍ മാവുങ്കലിനൊപ്പം. 2019ലെ കൊക്കൂണ്‍ സുരക്ഷാ മീറ്റിലാണ് അനിതയും മോന്‍സണും എത്തിയത്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന ചിത്രവും അനിതയുടെ ഫെയ്‌സ് ബുക്കിലുണ്ട്. ഐ ആം സ്റ്റാന്റിങ് വിത്ത് യു പ്രിയ സഖാവേ. ആയിരം കള്ളങ്ങള്‍ പറഞ്ഞു വ്യക്തിഹത്യ നടത്താന്‍ ശ്രെമിച്ചാലും സത്യമെന്ന വാക്കിന് വിലയുള്ളിടത്തോളം കാലം കൂടെനില്‍ക്കുന്നവര്‍ ചതിച്ചു എന്ന് വരികിലും ,താങ്കള്‍ എന്താണെന്നറിയുന്നവര്‍ താങ്കളെ എന്നും ഇരട്ട ചങ്കനായി തന്നെ അറിയുകയുള്ളൂ. ഒരിക്കലും ഒരു രാഷ്ട്രീയക്കാരിയായിരുന്നില്ല ഞാന്‍. രാഷ്ട്രീയം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് താങ്കളോട് ബഹുമാനം തോന്നിയതു-ഇങ്ങനെ മുഖ്യമന്ത്രിയെ പുകഴത്തി പോസ്റ്റും ഇട്ടിട്ടുണ്ട്.

ഇതിനൊപ്പം സിപിഎം നേതാവ് പികെ ശ്രീമതിയെ സ്വന്തം ചേച്ചിയാണെന്നും വിശദീകരിച്ചിട്ടുണ്ട് ഫെയ്‌സ് ബുക്കില്‍. അമ്മയെപ്പോലെ ആണ് എനിക്കു ചേച്ചിയോടുള്ള സ്‌നേഹം എന്നു പറഞ്ഞു തുടങ്ങുന്നതാണ് പോസ്റ്റ്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിശ്വാസത്തിന്റെ പ്രതിരൂപമായാണ് വിശേഷിപ്പിക്കുന്നത്. മുന്‍ ഡിജിപി ശ്രീലേഖയുമായുള്ള ചിത്രവുമുണ്ട്. എഡിജിപി മനോജ് എബ്രഹാമിനെ അനുകൂലിച്ചും പോസ്റ്റുകള്‍. റോമിലാണ് ഇവരുടെ താമസമെന്നാണ് ഫെയ്‌സ് ബുക്കില്‍ നിന്ന് മനസ്സിലാക്കുന്നത്. തൃശൂരുകാരിക്ക് പൊലീസുമായി അടുത്ത ബന്ധമുണ്ടെന്ന സൂചന നല്‍കുന്ന നിരവധി പോസ്റ്റുകള്‍ ഫെയ്‌സ് ബുക്കിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബെഹ്‌റയും മോന്‍സണുമൊത്ത് നില്‍ക്കുന്ന ചിത്രവും കാണാം. എന്നാല്‍ കൊക്കൂണ്‍ പോലൊരു സുരക്ഷാ തല മീറ്റിംഗില്‍ മാവുങ്കല്‍ പങ്കെടുത്തുന്നുവെന്ന വസ്തുതയാണ് ഈ പോസ്റ്റില്‍ ഏറ്റവും ഞെട്ടിക്കുന്നത്. വിജയ് യേശുദാസിനും ബെഹ്‌റയ്ക്കും ഒപ്പം മാവുങ്കലുമായി നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മോന്‍സണ്‍ മാവുങ്കല്‍ കുടുങ്ങാന്‍ കാരണം അനിതയാണെന്ന സൂചനയും ഉണ്ടായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകയാണ് അവര്‍. നിറപറ ബിജു കര്‍ണ്ണന്‍ അടക്കമുള്ളവരുമായി അടുത്ത ബന്ധവുമുണ്ട്. ഈ സംഘനാ പരിചയമാണ് മാവുങ്കലുമായി അടുക്കാനുള്ള കാരണം.

തുടര്‍ന്ന് പൊലീസ് സേനയിലെ ഉന്നതരിലേക്ക് മാവുങ്കല്‍ എത്തി. ഇതിനിടെ അനിതയ്ക്ക് ചില സംശയങ്ങളുണ്ടായി. ഇതോടെ സുഹൃത്ത് ബന്ധം വിട്ടു. അതിനിടയില്‍ തന്നെ മോന്‍സണ്‍ വലിയ തോതില്‍ വളര്‍ന്നിരുന്നു. ഡിഐജി സുരേന്ദ്രനെ പോലുള്ള അടുപ്പങ്ങളും ഉണ്ടാക്കിയെന്നതാണ് വസ്തുത. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് തോന്നിക്കുന്ന ചിത്രം സഹിതമാണ് പിണറായിയെ പുകഴ്‌ത്തിയുള്ള അനിതയുടെ പോസ്റ്റ്. ശ്രീമതി ടീച്ചറും ശ്രീലേഖയുമായുള്ള അടുപ്പത്തിനും ചിത്രം തെളിവാണ്. കൊക്കൂണില്‍ പോലും അനിത എത്തുമ്ബോള്‍ പൊലീസിലെ സ്വാധീനം എത്രത്തോളമാണെന്ന വ്യക്തവുമാണ്.

മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടാന്‍ എഡിജിപി മനോജ് ഏബ്രഹാം 2 വര്‍ഷം മുന്‍പ് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നല്‍കിയ കത്ത് പൊലീസ് ആസ്ഥാനത്തു തന്നെ മുങ്ങി. ഇതിന് പിന്നില്‍ ചില വിദേശ കരങ്ങള്‍ക്കും പങ്കുണ്ടായിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷം ഇന്റലിജന്‍സ് മുഖ്യമന്ത്രിക്കു വിശദ റിപ്പോര്‍ട്ട് നല്‍കിയതോടെ പുതിയ കത്ത് ഇഡിക്കു നല്‍കി. മോന്‍സനെയും പൊലീസ് ഉന്നതനെയും പരിചയപ്പെടുത്തിയത് ഇറ്റാലിയന്‍ പൗരത്വമുള്ള കോട്ടയത്തെ വനിതയാണെന്നും അറിവായി. ലോക കേരള സഭയിലും ‘അസന്‍ഡ് കേരള’ നിക്ഷേപകസംഗമത്തിലും ഇവര്‍ സജീവസാന്നിധ്യമായിരുന്നു. ഈ വനിത മോന്‍സനുമായി തെറ്റിയതോടെ പൊലീസ് ഉന്നതനും ഇയാളെ കൈവിട്ടു. തുടര്‍ന്നാണ് ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സഹിതം ഇഡിക്കു റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഉന്നതര്‍ വ്യക്തമാക്കി.

പൊലീസ് ആസ്ഥാനത്ത് അതിശക്തമായ ബന്ധം ഈ യുവതിക്കുണ്ടായിരുന്നു എന്നാണ് സൂചന.അനിതാ പുല്ലയില്‍ എന്ന തൃശൂരുകാരിയെയാണ് ഈ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത്. ഇവര്‍ക്ക് പൊലീസ് ആസ്ഥാനത്ത് നിരവധി സുഹൃത്തുക്കളുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ലോക കേരള സഭയില്‍ അംഗമായ ഇവര്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും ഫെയ്സ് ബുക്കില്‍ ഇട്ടിട്ടുണ്ട്. റോമിലാണ് ഇവര്‍ ഇപ്പോള്‍ താമസം. എന്നാല്‍ ഈ വാര്‍ത്തകളിലൊന്നും പൂര്‍ണ്ണ സത്യമില്ലെന്നാണ് അവരുടെ അടുത്തു നിന്നും കിട്ടുന്ന സൂചനകള്‍. മോന്‍സണ്‍ മാവുങ്കല്‍ തന്നെയും പറ്റിക്കുകയായിരുന്നു എന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. തട്ടിപ്പ് മനസ്സിലാക്കിയപ്പോള്‍ തന്നെ പിന്മാറിയെന്നും ഇവരുടെ അടുപ്പക്കാര്‍ പറയുന്നുണ്ട്. ഏതായാലും ഈ റോം ലിങ്കിലേക്കും അന്വേഷണം കടക്കുമോ എന്നത് നിര്‍ണ്ണായകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക