തിരുവനന്തപുരം • കേരളത്തിലെ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്കു നയിക്കുന്നതിനു കാരണമാണെന്നു രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ‘വിജയത്തിന്‍റെ വാതിൽ, വാളിന്റെ തണലിൽ’ എന്ന പുസ്തകം നിരോധിക്കണമെന്ന് ഡിജിപി സർക്കാരിനോട് അഭ്യർഥിച്ചു. മലയാളികൾ ഐഎസിലേക്ക് ആകർഷിക്കപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ പുസ്തകമാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
ഡിജിപിയുടെ കത്തിനെത്തുടർന്ന്, പുസ്തകത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ സമിതിയെ ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തി. പിആർഡി ഡയറക്ടർ, ആഭ്യന്തര സുരക്ഷാ വിഭാഗം ഐജി, ഡോ. എൻ.കെ.ജയകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. 14–ാം നൂറ്റാണ്ടിൽ ഈജിപ്റ്റിൽ ജീവിച്ചിരുന്നതായി കരുതുന്ന മതപണ്ഡിതന്റെ പുസ്തകം മലയാളത്തിലേക്കു വിവർത്തനം ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു. ഇതിനു പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
തീവ്രവാദ സ്വഭാവമുള്ളതും രാജ്യവിരുദ്ധ ഉള്ളടക്കമുള്ളതും മതങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതും യുവാക്കളെ തീവ്രവാദ ഗ്രൂപ്പുകളിൽ ചേരുന്നതിനു പ്രേരിപ്പിക്കുന്നതുമായ ഉള്ളടക്കമാണ് പുസ്തകത്തിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇക്കാരണത്താൽ സമൂഹ മാധ്യമങ്ങളിലടക്കം പുസ്തകത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 21ന് ഡിജിപി ആഭ്യന്തര വകുപ്പിനു കത്തു നൽകിയിരുന്നു. പിന്നാലെയാണ് കമ്മിറ്റി രൂപീകരിച്ചത്. ഇംഗിഷ് പരിഭാഷ ഇന്റർനെറ്റിലുണ്ടെങ്കിലും മലയാളം വിവർത്തനമാണ് യുവാക്കൾക്കിടയിൽ ഏറെ പ്രചരിച്ചതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച സിറിയന്‍ പണ്ഡിതന്‍ അഹ്‌മദ് ഇബ്രാഹിം മുഹമ്മദ് ദിമശ്ഖിയുടെ, മശാരിഉല്‍ അശ്‌വാഖ് ഇലാ മസ്വാരിഇല്‍ ഉശ്ശാഖ് വ മുസീറുല്‍ ഗറാം ഇലാ ദാറിസ്സലാം എന്ന ഗ്രന്ഥവും മലയാള തർജ്ജമയും ആണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശവിരുദ്ധവും തീവ്ര മതമൗലികവാദവും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പുസ്തകത്തിലുണ്ട് എന്നാണ് ശിപാര്‍ശയില്‍ പറയുന്നത്. ഐഎസിന്റെ ആശയപ്രചാരണത്തിന് ഈ പുസ്തകം ഉപയോഗിക്കുന്നതായും സര്‍ക്കാര്‍ കരുതുന്നു.
ജിഹാദിന്റെ ശ്രേഷ്ഠതകള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. രക്തസാക്ഷിത്വം, ജിഹാദിന്റെ ചരിത്രം, ധൈര്യം തുടങ്ങി 17 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകം ബര്‍മിങ്ഹാമിലെ മക്തബ ബുക്ക് സെല്ലേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പുസ്തകം ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യവുമാണ്. ഇമാം ഇബ്‌നുന്നുഹാസ് എന്ന പേരിലാണ് ഗ്രന്ഥ കര്‍ത്താവ് പ്രസിദ്ധനായത്. ദമസ്‌കസിലാണ് ജനനം. പിന്നീട് ഈജിപ്തിലേക്ക് കുടിയേറി. ബൈസന്റൈന്‍ സേനയുമായുള്ള യുദ്ധത്തില്‍ 1411ല്‍ അന്തരിച്ചു.