കെപിസിസി രാഷ്ട്രീയകാര്യ സമിതി യില്‍ നിന്നും രാജിവെച്ച വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം.ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധീരനെ സന്ദര്‍ശിച്ചേക്കും.. നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായും താരീഖ് കൂടിക്കാഴ്ച്ച നടത്തും.ഇടഞ്ഞ് നില്‍ക്കുന്ന വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാനാണ് ഹൈക്കമാന്റ് തീരുമാനം. വിഡി സതീശന്റെ അനുനയ നീക്കത്തോട് മുഖം തിരിച്ച സുധീരനെ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നേരില്‍ കാണും. ഇന്നലെ സുധീരന്റെ വീട്ടിലെത്തിയ സതീശന്‍ ഒരു മണിക്കൂറിലേറെ ചര്‍ച്ച നടത്തിയിട്ടും രാജിയില്‍ നിന്നും പിന്മാറാന്‍ സുധീരന്‍ തയ്യാറായിരുന്നില്ല. വൈകിട്ട് സുധീരനെ സന്ദര്‍ശിക്കാനുള്ള തീരുമാനം താരീഖ് മാറ്റിയതോടെ അനുനയ നീക്കം വഴിമുട്ടിയെന്ന പ്രതീതി സൃഷ്ടിച്ചു. അനുനയ നീക്കം തുടരാന്‍ ഹൈക്കമാന്റ് താരീഖിനോട് ആവശ്യപ്പെട്ടതോടെയാണ് തുടര്‍ചര്‍ച്ചകള്‍ തീരുമാനിച്ചത്.പൊതു സ്വീകാര്യതയുള്ള സുധീരന്റെ രാജി തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. അതിനിടയില്‍ സംസ്ഥാന കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങളില്‍ ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സുചന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായും താരീഖ് കൂടിക്കാഴ്ച്ച നടത്തും. പാര്‍ട്ടിയില്‍ കൂടി ആലോചനകള്‍ ഇല്ലെന്നും ഏകാധിപത്യവുമാണെന്ന പരാതിയാണ് നേതാക്കള്‍ ഉയര്‍ത്തിയത്. രാഷ്ട്രീയ കാര്യസമിതിയെ നോക്കുകുത്തിയാക്കി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ സോണിയ ഗാന്ധിയ്ക്ക് നല്‍കിയ പരാതികള്‍ ഹൈക്കമാന്റ് പരിശോധിക്കും. കെപിസിസി പുനസംഘടന ചര്‍ച്ചകളും പൂര്‍ത്തിയാക്കിയ ശേഷമാകും താരീഖും സംഘവും ഡല്‍ഹിക്ക് തിരിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക