ഹൈദരാബാദ്: തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്‌സ്. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി. 40,000 തൊഴിലവസരങ്ങളില്‍ 85 ശതമാനവും ലഭിക്കുക വനിതകള്‍ക്കാണ്.

രണ്ട് പദ്ധതികളിലാണ് കിറ്റെക്‌സ് ഗ്രൂപ്പും തെലങ്കാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. വാറങ്കലില്‍ മെഗാ ടെക്‌സ്റ്റൈല്‍സ് പാര്‍ക്ക്, ഹൈദരാബാദിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിലെ വ്യവസായം. തെലങ്കാനയിലെ വ്യവസായത്തിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി ആരംഭിക്കുമെന്നും കിറ്റെക്‌സ് എംഡി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കിറ്റെക്‌സില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനകളില്‍ പ്രതിഷേധിച്ചാണ് കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ 3500 കോടിയുടെ നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ വ്യവസായ അനുകൂലമന്തരീക്ഷമില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് കേരളത്തിലെ നിക്ഷേപം പിന്‍വലിച്ച് പദ്ധതി തെലങ്കാനയിലേക്ക് മാറ്റിയത്.

ഹൈദരാബാദിലെത്തി നിക്ഷേപ പദ്ധതികളുടെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. തെലങ്കാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും കിറ്റെക്‌സ് എംഡിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക