ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഗുണ്ടാനേതാവ് കൊടിസുനിയെ ജയിലില്‍ വച്ച്‌ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. സ്‌പെഷല്‍ ബ്രാഞ്ചും ജയില്‍ വകുപ്പും പ്രത്യേകം അന്വേഷണങ്ങളാണ് നടത്തുന്നത്. തന്നെ കൊലപ്പെടുത്താന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2 സഹ തടവുകാര്‍ക്ക് 5 കോടി രൂപയുടെ ക്വട്ടേഷന്‍ കൊടുത്തെന്ന കൊടി സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്വട്ടേഷന്‍ സംബന്ധിച്ച്‌ പദ്ധതി ചൂണ്ടിക്കാട്ടി കൊടിസുനിയും സഹ തടവുകാരനും ജയില്‍ സൂപ്രണ്ടിനും ഐജിക്കും നേരിട്ട് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതി മേലുദ്യോഗസ്ഥരിലേക്ക് പോവാതെ പൂഴ്ത്തിവെച്ചുവെന്ന വിവരം പുറത്ത് വന്നതോടെയാണ് ജയില്‍ വകുപ്പും സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങിയത്.

പരാതിയില്‍ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. പരാതി സംബന്ധിച്ച വിവരം പുറത്ത് വന്നതിന് പിന്നാലെ ഉത്തരമേഖലാ ഐജി വിനോദ്കുമാര്‍ ജയിലിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു. സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണത്തിലേക്ക് കടന്നു. അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് റഷീദും തീവ്രവാദ കേസ് ചുമത്തി കഴിയുന്ന അനൂപുമാണ് ജയിലിലെ കൊലപാതകത്തിന്റെ പുറത്ത് നിന്നുള്ള ക്വട്ടേഷന്‍ എടുത്തിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സ്വര്‍ണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് സംശയം. ക്വട്ടേഷനെടുത്ത റഷീദും അനൂപും കൃത്യനിര്‍വഹണത്തിനായി സമീപിച്ചത് കൊടിസുനിയുടെ സഹതടവുകാരനെയായിരുന്നു. എന്നാല്‍ ഇയാള്‍ വിവരം ചോര്‍ത്തി നല്‍കുകിയതോടെയാണ് പദ്ധതി പൊളിയാനിടയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്വട്ടേഷന്‍ ഇടപാടുകള്‍ നടന്നത് മൊബൈല്‍ ഫോണിലൂടെയാണെന്നാണ് വെളിപ്പെടുത്തല്‍ നടത്തിയ തടവുകാരന്‍ നല്‍കിയത്.വിയ്യൂര്‍ ജയിലില്‍ തടവുകാരുടെ ഫോണ്‍ ഉപയോഗത്തെ കുറിച്ച്‌ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. സൂപ്രണ്ടിന്റെ മുറിയിലെ ചുമതലയിലുണ്ടായിരുന്ന റഷീദ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ നിന്നും പല തവണ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് പരാതി ലഭിച്ചിട്ടും അന്വേഷിക്കുന്നതിന് പകരമായി തടവുകാരെ ജയില്‍ മാറ്റിയുള്ള നടപടിയുണ്ടായതെന്നാണ് പറയുന്നത്.

ജയിലിലിരുന്നും കൊടി സുനിയും റഷീദും പുറത്തെ നിരവധി ക്വട്ടേഷന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇടപ്പെട്ടതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ഇതാണ് ക്വട്ടേഷന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം തന്നെയാവുമെന്ന നിഗമനത്തിന് അടിസ്ഥാനം. അതേ സമയം ‘ക്വട്ടേഷന്‍’ ഇത് ആസൂത്രിതമായി ഒരുക്കിയ പദ്ധതിയാണോയെന്നും സംശയിക്കുന്നുണ്ട്. കൊടിസുനിയും റഷീദുമടക്കമുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലും സ്വാധീനമുള്ള ഇവര്‍ക്ക് ജയിലില്‍ വലിയ സ്വാതന്ത്ര്യവും അധികാരവുമുണ്ടായിരുന്നു. ഇതാണ് ജയില്‍ ഉദ്യോഗസ്ഥരും സംശയനിഴലിലായിരിക്കുന്നത്. പരാതി നല്‍കിയത് പൂഴ്ത്തിയത് സംബന്ധിച്ചും സംശയങ്ങളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക