തിരുവനന്തപുരം: കലാസാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഉത്തരവ് പിന്‍വലിക്കുന്നതായി അറിയിച്ചത്. വിഷയത്തില്‍ മന്ത്രി തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സാഹിത്യ സംസ്‌കാരിക രംഗങ്ങളില്‍ ഏര്‍പ്പെടുന്നതിനായി അനുമതി ആവശ്യപ്പെട്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച ശേഷം ശുപാര്‍ശ ചെയ്യുന്നതിലേക്കുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ പുറപ്പെടുവിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. കലാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്നും സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീരിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശോധിച്ച ശേഷമാകണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഇതിന് വേണ്ടിയുള്ള അപേക്ഷകള്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിചിത്ര നിര്‍ദേശങ്ങളും സര്‍ക്കുലറും വിവാദമായത്.

അനുമതിക്കായി സമര്‍പ്പിക്കപ്പെടുന്ന സാഹിത്യ സൃഷ്ടിയുടെ സര്‍ഗാത്മകതയോ ഏതെങ്കിലും തരത്തിലുളള ഗുണമേന്മാ പരിശോധനയോ വിദ്യാഭ്യാസ ഓഫീസ് തലത്തില്‍ നടത്തില്ലെന്നുമാണ് ഈ സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. അപേക്ഷയോടൊപ്പം സമര്‍പ്പിക്കപ്പെടുന്ന സത്യപ്രസ്താവനയില്‍ പറയുന്ന തരത്തില്‍ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ നിബന്ധനകള്‍ക്ക് വിധേയമായി പരിശോധിക്കുക മാത്രമാണ് സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കുലറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയതെന്നും, കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല്‍ സര്‍ക്കാര്‍ കൈകടത്തില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക