ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനിയുടെ ഡി2 വൈറസ് വകഭേദം കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു.കൊതുകുനശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ഉത്തര്‍പ്രദേശിലെ മധുര, ആഗ്ര, ഫിറോസാബാദ് ജില്ലകളിലാണ് ഡെങ്കിപ്പനിയുടെ തീവ്രസ്വഭാവമുള്ള ഡി2 വകഭേദം കണ്ടെത്തിയത്. ഫിറോസാബാദിലുള്‍പ്പെടെ മരണ നിരക്ക് കൂടാന്‍ കാരണം ഡിടു വകഭേദമാണെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തല്‍. യുപി പ്രയാഗ് രാജില്‍ ഇന്നലെ മാത്രം 97 ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്. ഫിറോസാബാദില്‍ 88 കുട്ടികള്‍ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചു. 465 കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ 150 ഡെങ്കു കേസുകളാണ് സ്ഥിരീകരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 139 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഹരിയാനയിലെ പല്‍വാള്‍ ജില്ലകളില്‍ ഡെങ്കിപ്പനിയുടെ സമാന ലക്ഷണങ്ങളോടെ നിരവധി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്ബിളുകള്‍ പരീക്ഷണത്തിനായി അയച്ചിരിക്കുകയാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കൊതുക് നശീകരണം നടത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ആവശ്യമെങ്കില്‍ വിദഗ്ധ പരിശോധനക്കായി കേന്ദ്ര സംഘത്തെ അയക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ഡെങ്കു മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക