കൊച്ചി: ട്രാഫിക് സിഗ്‌നലുകളില്‍ സീബ്രാ വരകളിലേക്ക് വാഹനങ്ങള്‍ കയറ്റി നിര്‍ത്തിയാലും ലൈന്‍ തെറ്റിച്ച്‌ നിയമ ലംഘനമാകുന്ന രീതിയില്‍ വണ്ടിയോടിച്ചാലും ഇനി മുതൽ പിഴയൊടുക്കേണ്ടി വരും. കൊച്ചി സിറ്റി പൊലീസാണ് നിയമ ലംഘര്‍കര്‍ക്കാണ് പൊലീസ് കെണിയൊരുക്കി കാത്തിരിക്കുന്നത്. ആദ്യപടിയായി ചുവപ്പു സിഗ്‌നല്‍ ലഭിച്ചാല്‍ സീബ്രാ ലൈനിനു പിന്നില്‍ വാഹനങ്ങള്‍ നിര്‍ത്തണമെന്ന് ഡ്യൂട്ടിയിലുള്ള ഹോംഗാര്‍ഡ് ഉള്‍പടെയുള്ളവര്‍ ഡ്രൈവര്‍മാര്‍ക്ക് ഉപദേശം നല്‍കും.

ഏതാനും ദിവസംകൂടി ഇത്തരത്തില്‍ ചെയ്യും. തുടര്‍ന്നും വരകളിലേക്കു വാഹനങ്ങള്‍ കയറ്റി നിര്‍ത്തുന്നവരില്‍ നിന്നു പിഴയീടാക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമിഷണര്‍ ടി ബി വിജയന്‍ പറഞ്ഞു. സിഗ്‌നലുകളില്‍ പലപ്പോഴും കാല്‍നട യാത്രക്കാര്‍ പച്ച സിഗ്‌നല്‍ ലഭിച്ചു റോഡു മുറിച്ചു കടക്കാന്‍ എത്തുമ്പോൾ സീബ്ര വരികളില്‍ നിറയെ വാഹനങ്ങള്‍ കാണുന്നതാണ് പതിവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടയിലൂടെ കടന്നുപോകാനാവാതെ പ്രായമായവരും കുട്ടികളും പ്രയാസപ്പെടുന്നത് നിത്യ കാഴ്ചയാണ്. മിക്കപ്പോഴും സിഗ്‌നല്‍ നിയന്ത്രിക്കുന്ന പൊലീസുകാരും ഇത് കണ്ടില്ലെന്ന് വയ്ക്കും. എന്നാല്‍ ഇനി അതൊന്നും നടപ്പില്ല. കേരളാ മോട്ടോർ വെഹികിള്‍ ആക്‌ട് 365 പ്രകാരം സീബ്ര വരകളില്‍ കയറ്റി വാഹനം നിര്‍ത്തുന്നത് നിയമ ലംഘനമാണ്.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, വേഗനിയന്ത്രണ നിയമങ്ങളെപ്പോലെ തന്നെ കര്‍ശനമായി നടപ്പാക്കാനുള്ളതാണ് സീബ്ര വരകള്‍ കാല്‍നട യാത്രക്കാര്‍ക്ക് നല്‍കുകയെന്നതെന്നു അസിസ്റ്റന്റ് കമിഷണര്‍ പറഞ്ഞു. സിഗ്‌നലുകളില്‍ അല്ലാതെയുള്ള സീബ്ര വരകളില്‍ കാല്‍നട യാത്രക്കാര്‍ക്കു മുറിച്ചു കടക്കാന്‍ മുന്‍ഗണനയോടെ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കണം എന്നാണ് നിയമം. വാഹനം ഓടിക്കുന്നവര്‍ ഇതു മിക്കപ്പോഴും പാലിക്കാറില്ലെന്നു മാത്രമല്ല, മുറിച്ചു കടക്കുന്നവരെ ഗ്ലാസ് താഴ്ത്തി മോശം വാക്കുകള്‍കൊണ്ട് അപമാനിക്കുന്നതും പതിവാണ്. ഇതിനെതിരെയും കര്‍ശന നടപടി തന്നെ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

തൊട്ടടുത്തു സീബ്ര വരകളുണ്ടെങ്കിലും അത് അവഗണിച്ച്‌ തോന്നുംപടി വഴിമുറിച്ചു കടക്കുന്ന കാല്‍നടക്കാര്‍ക്കും പൊലീസ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇത്തരത്തില്‍ റോഡ് മുറിച്ചു കടക്കുന്നവരാണ് അപകടത്തില്‍പെടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മിക്ക പ്രധാന റോഡുകളിലും സീബ്ര വരകള്‍ ഉണ്ടെന്നിരിക്കെയാണ് ഇത് അവഗണിച്ചുള്ള റോഡ് മുറിച്ചു കടക്കല്‍.

ഓരോ തവണയും പുതിയ പൊലീസ് മേധാവികള്‍ ചുമതലയേൽക്കുമ്പോഴും റോഡ് സുരക്ഷയ്ക്കായി കര്‍ശനനിയമങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കാറുണ്ടെങ്കിലും പലപ്പോഴും അതൊന്നും നടന്ന് കാണാറില്ല. പകരം ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് നിയമങ്ങള്‍ നടപ്പാക്കാന്‍ കോടതിയുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ തടഞ്ഞു നിര്‍ത്തി പിഴ ഈടാക്കുകയും ചെയ്യും. ഈ അവസ്ഥ മാറി ഇനി ട്രാഫിക് നിയമലംഘനങ്ങള്‍ക്കും കനത്ത പിഴ നല്‍കേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക