തിരുവനന്തപുരം : നീണ്ട ഇടവേളയ്‌ക്ക് ശേഷം കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ ആരംഭിക്കുന്നു.

ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുടങ്ങുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൊറോണ വ്യാപനം വര്‍ദ്ധിക്കുമ്ബോഴും സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ബിരുദബിരുദാനന്തര ബിരുദ കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പോളിടെക്‌നിക്കുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പോകുന്നത്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകള്‍ ആരംഭിക്കും. കെടിയു എഞ്ചിനിയറിംഗ് അവസാന വര്‍ഷ ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെച്ചു.

ഐഐഎം, എന്‍ഐടി, ഐഐഎസ്റ്റി, ഐഐടി എന്നീ സ്ഥാപനങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തൊട്ടടുത്ത ഹോസ്റ്റലുകളിലോ ക്യാംപസിലോ മറ്റോ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എംബിബിഎസ് അടക്കമുള്ള കോഴ്‌സുകള്‍ക്ക് അവസാന വര്‍ഷ ക്ലാസുകള്‍ ഇതിനോടകം ആരംഭിച്ചു.

അതേസമയം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഓഫീസ് ജീവനക്കാരും നിര്‍ബന്ധമായും ഒരു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഹോസ്റ്റലുകളില്‍ നിന്നോ ക്യാമ്ബസില്‍ നിന്നോ പുറത്തേക്കോ അകത്തേക്കോ ആരും തന്നെ പ്രവേശിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ഇവിടുളളവരും ഒരു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണം.

എന്നാല്‍ കേരളത്തില്‍ സ്‌കൂളുകള്‍ എപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ല. പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക