തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദേശിച്ച പേരുകള്‍ വെട്ടിനിരത്തി ഡിസിസി പ്രസിഡന്റുമാരുടെ അന്തിമപട്ടിക കെപിസിസി നേതൃത്വം സോണിയ ഗാന്ധിക്ക് കൈമാറി.സ്വന്തം ജില്ലയായ കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയും നല്‍കിയ പേരുകള്‍ പോലും അംഗീകരിച്ചില്ല. തിരുവനന്തപുരം(പാലോട് രവി), ആലപ്പുഴ(കെ പി ശ്രീകുമാര്‍), പാലക്കാട്(എ തങ്കപ്പന്‍), കാസര്‍കോട്(പി കെ ഫൈസല്‍) എന്നിവര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നോമിനികളായി ഇടംനേടി.കോട്ടയത്ത് നാട്ടകം സുരേഷിനെ ഒഴിവാക്കി ഫില്‍സണ്‍ മാത്യൂസിനെയും ആലപ്പുഴയില്‍ ബാബുപ്രസാദിന് പകരം കെ പി ശ്രീകുമാറിനെയും ഉള്‍പ്പെടുത്തി. വയനാട് എന്‍ ഡി അപ്പച്ചന്‍ ഗ്രൂപ്പുകാരെ ഞെട്ടിച്ച്‌ പട്ടികയില്‍ കടന്നുകൂടി. കൊല്ലം ഡിസിസി പ്രസിഡന്റായി അന്തിമപട്ടികയിലുള്ള പി രാജേന്ദ്ര പ്രസാദ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ നോമിനിയാണ്. പത്തനംതിട്ട–- സതീഷ് കൊച്ചുപറമ്ബില്‍, ഇടുക്കി–-എസ് അശോകന്‍, എറണാകുളം–-മുഹമ്മദ് ഷിയാസ്, തൃശൂര്‍–-ജോസ് വളളൂര്‍, മലപ്പുറം–- വി എസ് ജോയ്, കോഴിക്കോട്–-കെ പ്രവീണ്‍കുമാര്‍, കണ്ണൂര്‍–- മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ് പട്ടികയിലുള്ളത്.എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കോഴിക്കോട് കെ മുരളീധരന്റെയും കണ്ണൂരില്‍ കെ സുധാകരന്റെയും നോമിനികളെയാണ് ഉള്‍പ്പെടുത്തിയത്. തിരുവനന്തപുരത്ത് ശശി തരൂര്‍ നിര്‍ദേശിച്ച ജി എസ് ബാബുവിനെ ഒഴിവാക്കി അവസാന നിമിഷമാണ് പാലോട് രവിയെ പരിഗണിച്ചത്. എ ഗ്രൂപ്പിലായിരുന്ന പാലോട് രവി കളംമാറി വേണുഗോപാലിനൊപ്പം ചേര്‍ന്നതായാണ് വിവരം. സോണിയ ഗാന്ധി പട്ടികയ്ക്ക് ഉടന്‍ അംഗീകാരം നല്‍കിയേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക