പാലക്കാട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തിന് മൂന്നുപേരുടെ പട്ടിക കൈമാറിയതോടെ തര്‍ക്കം രൂക്ഷമായി. മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉറച്ചുനിന്നെങ്കിലും അവസാനം കൈവിട്ടതായാണ് വിവരം. 16 വര്‍ഷമായി നേതൃത്വത്തോട് അകന്നുനില്‍ക്കുന്നയാളാണ് ഗോപിനാഥ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായ ഗോപിനാഥിന്റെ പരസ്യ നിലപാട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഇടയാക്കിയെന്ന് തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ച സമിതി വിലയിരുത്തിയിട്ടുമുണ്ട്. ഇതെല്ലാം ഗോപിനാഥിന് തിരിച്ചടിയായി. മാത്രമല്ല, മുന്‍ ഡിസിസി പ്രസിന്റുമാര്‍ വീണ്ടും സ്ഥാനത്ത് വേണ്ട എന്ന നിബന്ധനയും പുതുതായി ചേര്‍ക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ വി ഗോപിനാഥിനു പുറമെ കെപിസിസി ജനറല്‍ സെക്രട്ടറി എ തങ്കപ്പന്‍, മുന്‍ എംഎല്‍എ വി ടി ബല്‍റാം എന്നിവരാണ് പട്ടികയില്‍. ഇതില്‍ ബല്‍റാമിനെ അനുകൂലിക്കുന്നവര്‍ കുറവാണ്. പാലക്കാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തന പരിചയമില്ലാത്തതാണ് ബല്‍റാമിന് വിനയാകുന്നത്. എ തങ്കപ്പനെതിരെ എ, ഐ ഗ്രൂപ്പുകള്‍ നേരത്തേ എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അയഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒടുവില്‍ കെ സുധാകരനും തങ്കപ്പനുവേണ്ടി രംഗത്തുവന്നതും സാധ്യത വര്‍ധിപ്പിച്ചു.

കെ സി വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്നു എ തങ്കപ്പന്‍. വേണുഗോപാലിന്റെ പിന്തുണയും തങ്കപ്പന്‍ ഉറപ്പിച്ചിട്ടുണ്ട്. സാമ്ബത്തിക രംഗം മോശമായ സാഹചര്യത്തില്‍ ഡിസിസിയെ നയിക്കുക ശ്രമകരമാണെന്നും പണപ്പിരിവ് പ്രധാനചുമതലയായി മാറുമെന്നതും നേതൃസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് മുന്നിലെ വെല്ലുവിളിയാണ്.

എ വി ഗോപിനാഥിനെ ഒഴിവാക്കിയാല്‍ പാര്‍ട്ടിയില്‍ കലാപമുണ്ടാകുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കി. കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസ് കുത്തകയായി പെരിങ്ങോട്ടുകുറുശി പഞ്ചായത്തിനെ മാറ്റിയെന്ന അവകാശവാദമാണ് എ വി ഗോപിനാഥ് പക്ഷം മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഗോപിനാഥിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് മുന്‍ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ എംപിയുടേത്. ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. തീരുമാനം വന്നശേഷം പ്രതികരിക്കാമന്ന എ വി ഗോപിനാഥിന്റെ നിലപാടും നേതൃത്വത്തിന് തലവേദനയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക