ചണ്ഡീഗഢ്: പത്താം ക്ലാസില്‍ തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല.ഹരിയാനയിലെ സിര്‍സയിലുള്ള ആര്യ കന്യ സീനിയര്‍ സെക്കണ്ടറി സ്കൂളിലെത്തിയാണ് അദ്ദേഹം പരീക്ഷയെഴുതിയത്.
ഈ വര്‍ഷം ആദ്യം ഹരിയാന ഓപ്പണ്‍ ബോര്‍ഡിന് കീഴില്‍ ഓം പ്രകാശ് 12 -ാം ക്ലാസ് പരീക്ഷയെഴുതിയെങ്കുലും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ പാസായിട്ടില്ലെന്ന് കാണിച്ച അദ്ദേഹത്തിന്റെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ഇന്നലെ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. എണ്‍പത്തിയാറുകാരനായ ചൗട്ടാല പരീക്ഷ എഴുതാന്‍ ഒരു സഹായിയെ അനുവദിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് അധികൃതര്‍ അം​ഗീകരിച്ചു. രണ്ട് മണിക്കൂര്‍ പരീക്ഷ എഴുതിയതിന് ശേഷമാണ് അദ്ദേഹം പരീക്ഷാ ഹാള്‍ വിട്ടത്.2017ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പണ്‍ സ്കൂളിന് കീഴില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത് ചൗട്ടാല 53.4 ശതമാനം മാര്‍ക്കോടെ പാസായെങ്കിലും ഇംഗ്ലീഷ് വിഷയത്തില്‍ മാത്രം പരാജയപ്പെട്ടു. ജെബിടി റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന സമയത്താണ് ചൗട്ടാല പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്. “ഞാന്‍ ഒരു വിദ്യാര്‍ത്ഥിയാണ് -മറ്റൊന്നിനെക്കുറിച്ചും പറയാനില്ല” പരീക്ഷാ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ വളഞ്ഞ മാധ്യമങ്ങളോട് ചൗട്ടാല പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക