ഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ടി പ്രത്യേകം സെല്ലുകള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും ഇടുക്കി എം.പിയുമായ ഡീന്‍ കുര്യാക്കോസ്.

എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും സേവനം ഒരുക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി വീരേന്ദ്ര കുമാറിന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഡീന്‍ കുര്യാക്കോസ് കത്തയച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യപ്പെട്ടെത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാനസികമായ പിന്തുണ നല്‍കാനാവശ്യമായ സൈക്കോളജിക്കല്‍ കെയര്‍ സേവനങ്ങളും ഈ ആശുപത്രികളിലുണ്ടാവണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടായ പാളിച്ചകളെ തുടര്‍ന്ന് ട്രാന്‍സ് വ്യക്തിയായ അനന്യ കുമാരി അലക്‌സ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഡീന്‍ കുര്യാക്കോസ് കത്തയച്ചിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന എല്ലാ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ സുരക്ഷിതമായിരിക്കണമെന്നും അവ കൃത്യമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഡബ്ല്യു.പി.എ.ടി.എച്ച് (വേള്‍ഡ് പ്രൊഫഷണല്‍ അസോസിയേഷന്‍ ഫോര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍ത്ത്) പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങളെല്ലാം പാലിച്ചായിരിക്കണം രാജ്യത്ത് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്,’ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജൂലൈ 20നായിരുന്നു കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ആര്‍.ജെയും കേരള നിയമസഭയിലേക്ക് മത്സരിക്കാന്‍ ആദ്യമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ മത്സരാര്‍ത്ഥിയുമായ അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക