തൃശൂര്‍: എ.ടി.എം കാര്‍ഡ് വലിപ്പത്തിലുള്ള കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് വിപണിയില്‍ തരംഗമാവുന്നു. കടയില്‍ പോകാന്‍ പോലും സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കൊണ്ടുനടക്കാന്‍ എളുപ്പമുള്ള കാര്‍ഡ് വിപണി കീഴടക്കുന്നത്.
വാക്സിനേഷന് കഴിഞ്ഞവര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കുന്ന സര്‍ട്ടിഫിക്കറ്റ് എ ഫോര്‍ ഷീറ്റിന്റ വലിപ്പമുള്ളതാണ്. ഇത് കൊണ്ടുനടക്കാന്‍ പ്രയാസമാണ്. വിവിധ മേഖലകളില്‍ പരിശോധന കര്‍ശനമാക്കിയ സാഹചര്യത്തില്‍ അനായാസം ഉപയോഗിക്കുന്ന തരത്തിലാണ് കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. എ.ടി.എം കാര്‍ഡ് വലിപ്പത്തില്‍ രണ്ടു പുറങ്ങളിലായി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ അച്ചടിച്ചു നല്‍കുകയാണ് ചെയ്യുന്നത്. അഞ്ചു മുതല്‍ 10 മിനിറ്റിനുള്ളില്‍ ഇത് രൂപപ്പെടുത്തും. നേരത്തെ ആധാര്‍ കാര്‍ഡുള്‍പ്പെടെ ഇത്തരത്തില്‍ കാര്ഡാക്കിയിരുന്നു.
പേരും വിലാസവും അടക്കം വലുതാക്കി അച്ചടിച്ച്, പരിശോധനക്ക് അനുയോജ്യമായ രീതിയിലാണ് ഇത് തയാറാക്കുന്നത്. കാര്‍ഡിന്റ ഒരുവശത്ത് ഗുണഭോക്താവിന്റ പേര്, വയസ്സ്, ലിംഗം, പരിശോധിച്ച തിരിച്ചറിയല്‍ രേഖ, റഫറന്‍സ് ഐ.ഡി എന്നിവയും മറുഭാഗത്ത് വാക്സിന്റ പേര്, ആദ്യ ഡോസ് തീയതി, രണ്ടാം ഡോസ് തീയതി, വാക്സിന് നല്കിയ നഴ്സിന്റ പേര്, സ്ഥലം എന്നിവയും ഉണ്ട്. കൂടാതെ കേന്ദ്രസര്‍ക്കാറിന്റ കോവിഡ് പ്രതിരോധ മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ക്യൂആര്‍ കോഡും പിറകിലുണ്ട്.
രണ്ടു ഡോസും കുത്തിവെച്ചവരാണ് സര്‍ട്ടിഫിക്കറ്റ് ഇത്തരത്തില്‍ എടുത്ത് സ്ഥിര ഉപയോഗത്തിന് പഴ്സുകളില് സൂക്ഷിക്കുന്നത്. കേരളത്തില്‍ മാത്രമല്ല പ്രവാസികളും വിവിധ പരീക്ഷാര്‍ഥികളും ഇതര സംസ്ഥാനങ്ങളില്‍ പോകുന്നവരും കാര്‍ഡ് എടുക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപാരികളും ജോലിക്കാരും അടക്കം ഇതിന് പിന്നാലെയുണ്ട്.
രണ്ടു ഡോസ് ലഭിച്ചവര്‍ നിലവില്‍ കുറവാണെങ്കിലും ദിനംപ്രതി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് രൂപത്തിലാക്കാന്‍ എത്തുന്നവരുടെ തിരക്ക് കൂടുകയാണ്. 80 രൂപ മുതല്‍ 130 രൂപ വരെയാണ് വില. ഇത് ലാമിനേറ്റ് ചെയ്യാന്‍ അധികതുകയും നല്‍കണം. ഇത് ഫോട്ടോസ്റ്റാറ്റ്, ലാമിനേഷന് സ്ഥാപന ഉടമകള്‍ക്ക് ചാകരയാവുകയാണ്.