കണ്ണൂര്‍ സിവില്‍ സ്റ്റേഷൻ വളപ്പിലേക്കുള്ള നേഴ്‌സുമാരുടെ മാര്‍ച്ചില്‍ എം വിജിൻ എംഎല്‍എയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎൻഎ ഭാരവാഹികളും കണ്ടാല്‍ അറിയാവുന്ന നൂറോളം പേരുമാണ് കേസിലെ പ്രതികള്‍. അതേസമയം, എംഎല്‍എയുടെ പേര് എഫ്‌ഐആറില്‍ ഇല്ല. കേസെടുക്കുന്നതിനെ ചൊല്ലിയാണ് ടൗണ്‍ എസ്‌ഐയും എംഎല്‍എയും തമ്മില്‍ ഇന്നലെ വാക്കേറ്റം ഉണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

സിവില്‍ സ്റ്റേഷനില്‍ എം വിജിൻ എംഎല്‍എയും ടൗണ്‍ എസ്‌ഐയും തമ്മില്‍ നടന്ന വാക്കേറ്റ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. പ്രകോപനമുണ്ടാക്കിയത് എസ്‌ഐ ആണെന്നും പൊലീസ് സേനക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. സിനിമ സ്റ്റൈലില്‍, ഭീഷണി സ്വരത്തില്‍ പെരുമാറിയപ്പോഴാണ് പ്രതികരിച്ചത്. പൊലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതല്ല പ്രശ്നം. മോശമായി പെരുമാറിയതാണെന്നും എം വിജിൻ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള ഗവണ്‍മെന്‍റ് നഴ്സസ് അസോസിയേഷന്‍റെ മാര്‍ച്ച്‌ ഉദ്ഘാടകനായിരുന്നു എംഎല്‍എ. സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചെത്തിയപ്പോള്‍ തടയാൻ പൊലീസുണ്ടായില്ല. തുറന്ന ഗേറ്റിലൂടെ സമരക്കാര്‍ അകത്തുകയറി. കളക്ടറേറ്റ് വളപ്പിലായി ഉദ്ഘാടനം. എസ്‌ഐയും സംഘവും ഈ സമയത്തെത്തി. അകത്തു കയറിയവര്‍ക്കെതിരെയെല്ലാം കേസെടുക്കുമെന്ന് പറഞ്ഞതോടെ വാക്കേറ്റമുണ്ടായി. സുരക്ഷയൊരുക്കാത്തത് പൊലീസിന്‍റെ വീഴ്ചയെന്നും അതിന്‍റെ പേരില്‍ കേസും ഭീഷണിയും വേണ്ടെന്നും എംഎല്‍എ പറഞ്ഞു.

ഈ സമയം കേസെടുക്കുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥ എംഎല്‍എയുടെ അടുത്തെത്തി പേര് ചോദിച്ചു. ഇതും പ്രകോപനമായി. എസ്‌ഐ മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും എംഎല്‍എ ആരോപിച്ചു. വാക്കേറ്റത്തിന് പിന്നാലെ സമരക്കാരും മടങ്ങി. എസ്‌ഐക്കെതിരെ കമ്മീഷണര്‍ക്ക് എംഎല്‍എ പരാതി നല്‍കി. സുരക്ഷാ വീഴ്ചയിലും വാക്കേറ്റത്തിലും ടൗണ്‍ സിഐയോട് കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു.

അതേസമയം ഗുരുതര വകുപ്പുകൾ ചേർത്ത് പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾക്കെതിരെയും സമരം ഉദ്ഘാടനം ചെയ്യുന്ന നേതാക്കൾക്കെതിരെയും കേസെടുക്കുന്ന പോലീസാണ് എംഎൽഎയുടെ വായിൽ നിന്ന് തെറി മുഴുവൻ കേട്ടിട്ടും അദ്ദേഹത്തെ പ്രതി ചേർക്കാത്തത്. കരിങ്കൊടി കാണിക്കുന്നത് പോലും വധശ്രമം ആയി ചിത്രീകരിക്കുന്ന കേരള പോലീസ് ഭരണപക്ഷത്തെ കുട്ടി നേതാക്കളെ എത്രമാത്രം ഭയപ്പെടുന്നുണ്ട് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഈ സംഭവം മാറുകയാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് എസ്എഫ്ഐ നേതാക്കൾ പോലീസ് ജീപ്പ് തല്ലിത്തകർക്കുകയും എസ്ഐ ഉൾപ്പെടെയുള്ളവരെ കൈകാര്യം ചെയ്യുകയും ചെയ്തത് പെരുവഴിയിൽ ഇട്ടാണ്. പിണറായിയുടെ ഭരണത്തിന് കീഴിൽ സിപിഎമ്മുകാർക്ക് ഒരു നിയമവും സാധാരണക്കാർക്ക് മറ്റൊരു നിയമവും ആണെന്ന് ഈ സംഭവത്തോട് കൂടി ഉറപ്പാകുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക