ഡൽഹി: അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ലോകകപ്പില്‍ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. 272 റണ്‍സ് വിജയലക്ഷ്യം 35 ഓവറില്‍ മറികടന്നു. രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യയെ അനായാസ ജയത്തിലേയ്ക്ക് നയിച്ചത്. 63 പന്തില്‍ സെഞ്ചുറി നേടിയ 131 റണ്‍സെടുത്താണ് പുറത്തായത്.

ഇഷാന്‍ കിഷന്‍ 47 റണ്‍സെടുത്തു. ഓപ്പണിങ് കൂട്ടുകെട്ട് 156 റണ്‍സ് നേടിയാണ് പിരിഞ്ഞത്. 56 പന്തില്‍ 55 റണ്‍സെടുത്ത് കോലിയും 23 പന്തില്‍ 25 റണ്‍സെടുത്ത് ശ്രേയസ് അയ്യരും പുറത്താവാതെ നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. ജസ്പ്രീത് ബുംറ 39 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിഹാസങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറെയും കപില്‍ ദേവിനെയും ഒരൊറ്റ പ്രകടനം കൊണ്ട് രോഹിത് ശര്‍മ മറികടക്കുന്നതാണ് അഫ്ഗാനെതിരായ മല്‍സരത്തില്‍ കണ്ടത്. ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറി കുറിച്ച രോഹിത്, ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറികളുള്ള താരമായി. വിമര്‍ശകരോടും പരിഹസിച്ചവരോടുമാണ്, അയാള്‍ക്ക് ഒരൊറ്റ മല്‍സരം മതി നിങ്ങളെക്കൊണ്ട് കയ്യടിപ്പിക്കാന്‍.

കാരണം അയാളുടെ പേര് രോഹിത് ശര്‍മ എന്നാണ്.. ഒരൊറ്റ മല്‍സരത്തില്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെന്‍ഡുക്കറുടേയും കപില്‍ ദേവിന്റേയും റെക്കോര്‍ഡ് മറികടന്നു ടീം ഇന്ത്യയുടെ ഹിറ്റ്മാന്‍. അഫ്ഗാനിസ്ഥാനെതിരെ 63 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ കുറിച്ചത് ലോകകപ്പിലെ ഏഴാം സെഞ്ചുറി. 45 ഇന്നിങ്സുകളില്‍ നിന്ന് ആറ് സെഞ്ചുറി നേടിയ സച്ചിനെ മറികടക്കാന്‍ രോഹിതിന് വേണ്ടിവന്നത് വെറും 19 ഇന്നിങ്സുകള്‍ മാത്രം. ലോകകപ്പിലെ ഇന്ത്യക്കാരന്റെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡില്‍ രോഹിത് പിന്നിലാക്കിയത് കപിലിനെ.

83 ലോകകപ്പിലെ 72 പന്തില്‍ നിന്നുള്ള സെഞ്ചുറി ഇനി രോഹിതിന്റെ പിന്നില്‍. ഏകദിനത്തിലെ മുപ്പത്തിയൊന്നാം സെഞ്ചുറി നേടിയ രോഹിത്തിന് മുന്നില്‍ ഇനിയുള്ളത് 47 സെഞ്ചുറി നേടിയ വിരാട് കോലിയും 49 സെഞ്ചുറിയുള്ള സച്ചിനും മാത്രം. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു.

63 റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ശേഷമായിരുന്നു അഫ്ഗാന്റെ തിരിച്ചുവരവ്. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഹഷ്മത്തുള്ള ഷാഹിദിയും അസ്മത്തുള്ളയും ചേര്‍ന്നാണ് അഫ്ഗാനെ മികച്ച സ്കോറിലേക്കെത്തിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഹഷ്മത്തുള്ള ഷാഹിദി– അസ്മത്തുള്ള സഖ്യം ചേര്‍ന്നൊരുക്കിയത് അഫ്ഗാനിസ്ഥാന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട്. അഫ്ഗാനിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി ഭെദപ്പെട്ട സ്കോറിലേക്ക് നയിച്ചത് നാലാംവിക്കറ്റിലെ ഈ സെഞ്ചുറി കൂട്ടുകെട്ടാണ്. 63 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടം. മല്‍സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ ആധിപത്യമുറപ്പിക്കുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് ക്രീസില്‍ ഹഷ്മത്തുള്ള ഷാഹിദിയും അസ്മത്തുള്ളയും ഒന്നിച്ചത്. പേരുകേട്ട ഇന്ത്യന്‍ ബോളര്‍മാരെ സമര്‍ഥമായി നേരിട്ട് ഇരുവരും സ്കോറുയര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി നേടിയതോടെ നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട്.

ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണ് ഇരുവരും ചേന്‍ന്ന് നേടിയ 121 റണ്‍സ്. ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ രണ്ട് അഫ്ഗാന്‍ ബാറ്റര്‍മാര്‍ അര്‍ധസെഞ്ചുറി നേടുന്നത് നാലാം തവണ മാത്രമാണ്. 80 റണ്‍സ് നേടിയ ഹഷ്മത്തുള്ള ഷാഹിദിയുടേത് ലോകകപ്പിലെ അഫ്ഗാന്‍ താരത്തിന്റെ മികച്ച മൂന്നാമത്തെ സ്കോറായി.

തന്റെ മൂന്നാം ഏകദിന ലോകകപ്പ് അര്‍ധസെഞ്ചുറിയാണ് ഹഷ്മത്തുള്ള ഡല്‍ഹിയില്‍ നേടിയത്. ലോകകപ്പില്‍ അര്‍ധസെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാന്‍ ക്യാപ്റ്റനെന്ന നേട്ടവും ഹഷ്മത്തുള്ള സ്വന്തമാക്കി. 62 റണ്‍സെടുത്ത അസ്മത്തുള്ളയടേതും അഫ്ഗാന്‍ ബാറ്ററുടെ മികച്ച ലോകകപ്പ് ഇന്നിങ്സുകളിലൊന്നാണ്.

ഇരുവരുടെയും മിന്നും പ്രകടനത്തിന്റെ ബലത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 272 റണ്‍സ് ലോകകപ്പ് ചരിത്രത്തില്‍ അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറാണ്… 2019ല്‍ വിന്‍ഡീസിനെതിരെ നേടിയ 288 റണ്‍സാണ് അഫ്ഗാന്റെ ലോകകപ്പിലെ ഉയര്‍ന്ന സ്കോര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക