കണ്ണൂര്‍: സ്വര്‍ണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീട്ടില്‍ പരിശോധനയ്‌ക്കെത്തിയതോടെ മുങ്ങിയ ആകാശ് തില്ലങ്കേരി സംഗതി വാര്‍ത്തയായതോടെ ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ പൊങ്ങി. പുലര്‍ച്ചെ മൂന്ന് മണിയോടെ തില്ലങ്കേരി വഞ്ഞേരിയിലുള്ള വീട്ടിലാണ് കസ്റ്റംസ് എത്തിയത്. എന്നാല്‍ ആകാശ് വീട്ടില്‍ ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫ് ആയിരുന്നു. ചോദ്യം ചെയ്യലും അറസ്റ്റും മണത്തതോടെ മുങ്ങിയതാണെന്ന സംശയവും ബലപ്പെട്ടിരുന്നു.

ആകാശിന്റെ അപ്രത്യക്ഷമാകലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെയാണ് രാത്രിയോടെ എഫ്ബി സ്റ്റാറ്റസിലൂടെ ആകാശ് വീണ്ടും സാന്നിദ്ധ്യം അറിയിച്ചത്. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ അറിയിക്കുന്നതായിരുന്നു പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഴുവന്‍ എ പ്ലസും കിട്ടാതെ പോയവരെയും എ പ്ലസ് പോസ്റ്റുകളിടാന്‍ ആരും ഇല്ലാതെ പോയവരെയും പരീക്ഷയുടെ മുന്‍പില്‍ മാത്രം പതറിപ്പോയവരെയും ആശ്വസിപ്പിക്കുന്ന പോസ്റ്ററാണ് ആകാശ് സ്റ്റാറ്റസാക്കി ഷെയര്‍ ചെയ്തത്. എ പ്ലസ് മാത്രമല്ല നമുക്കും ജയിച്ച്‌ കാണിക്കണം എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ആകാശിന് കൃത്യമായ ബന്ധമുണ്ടെന്ന് അന്വേഷണ സംഘങ്ങള്‍ക്ക് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിലെ മുഖ്യകണ്ണി അര്‍ജ്ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇന്നലെ അറസ്റ്റിലായ അജ്മലിനും ആകാശുമായി അടുത്ത ബന്ധമാണ്.

ആകാശിനെ പിടികൂടാനായിരുന്നു കസ്റ്റംസ് നീക്കം. എന്നാല്‍ ഈ വിവരം ആകാശ് മുന്‍പേ അറിഞ്ഞെന്നാണ് സൂചന. മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചാണ് കസ്റ്റംസ് ടീം തില്ലങ്കേരിയിലെത്തിയത്. പോലീസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതാണെന്ന സംശയമാണ് ഉയരുന്നത്. കൊച്ചിയില്‍ നിന്നുമുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നുള്ള കസ്റ്റംസ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക