കൊല്ലം: വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി പറക്കുളത്തിലേക്ക് വീണ സാന്ദ്ര സുഖം പ്രാപിച്ചു വരികയാണ്. വിവാഹ തലേന്നുണ്ടായ അപകടത്തില്‍ വധുവിനെ രക്ഷപെടുത്തിയത് വരന്‍ കൂടിയായ വിനു കൃഷ്ണനായിരുന്നു. മെഹന്ദി ചടങ്ങെല്ലാം കഴിഞ്ഞ് വിവാഹത്തിന് ഒരുങ്ങിയ വീട്ടിലാണ് അപ്രതീക്ഷിതമായി അപകട വാര്‍ത്ത എത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷമാണ് കല്യാണം മൂന്ന് മാസത്തേക്ക് മാറ്റിവെച്ചത്. വിവാഹത്തിനായി പന്തലിട്ട് സദ്യവട്ടങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ എല്ലാം ഇതോടെ വെറുതേയായി.

കല്ലുവാതുക്കല്‍ ആയിരവില്ലി പാറക്കുളത്തില്‍ വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അപകടം. വിവാഹത്തലേന്ന് ക്ഷേത്രദര്‍ശനവും കഴിഞ്ഞാണ് ക്ഷേത്രത്തിനുസമീപത്തെ പാറക്കുളത്തില്‍ വധൂവരന്മാര്‍ എത്തിയത്. സാന്ദ്ര വീണതിനു പിന്നാലെ വിനു കൃഷ്ണന്‍ ചാടുകയായിരുന്നു. സാന്ദ്രയുടെ വസ്ത്രത്തില്‍ പിടികിട്ടിയെങ്കിലും കരയ്ക്കടുപ്പിക്കാന്‍ കഴിഞ്ഞില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിനുവിന്റെ നിലവിളികേട്ട് സമീപ പുരയിടത്തിലെ ടാപ്പിങ് തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കിണറിന്റെ കയറുകളുമായെത്തി കയറുകള്‍ കൂട്ടിക്കെട്ടി കുളത്തിലേക്കിട്ടുകൊടുത്തു. ഈ കയറില്‍ പിടിച്ചുകിടന്നതിനാലാണ് രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാനായത്. അമ്ബതടിയോളം വെള്ളമുള്ള കുളത്തില്‍ ഒന്നരമണിക്കൂര്‍നേരം കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് ഒരുവിധം കരയ്‌ക്കെത്തിക്കുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ സാന്ദ്രയ്ക്ക് വലതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിനും സാരമായ പരിക്കേറ്റ സാന്ദ്രയ്ക്ക് മൂന്നുമാസം പൂര്‍ണവിശ്രമം വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കല്ലുവാതുക്കല്‍ ശ്രീരാമപുരം അറപ്പുരവീട്ടില്‍ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകളാണ് ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ സാന്ദ്ര. പരവൂര്‍ സ്വദേശി വിനു കൃഷ്ണനുമായുള്ള വിവാഹം വെള്ളിയാഴ്ച പാമ്ബുറം വിഷ്ണുപുരം ക്ഷേത്രത്തില്‍ നടത്താനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു.

ജീവന്‍ പണയംവെച്ച്‌ പാറക്കുളത്തില്‍ ചാടി മകളെയും വിനു കൃഷ്ണനെയും രക്ഷിച്ച സുധീഷിനോടും ശരത്തിനോടും എന്നും കടപ്പെട്ടിരിക്കുമെന്ന് ആശുപത്രിയില്‍ സാന്ദ്രയ്‌ക്കൊപ്പമുള്ള അമ്മ സരിത പറഞ്ഞു. വിനുവിനോടും സുധീഷിനോടും ശരത്തിനോടുമുള്ള നന്ദി അറിയിക്കുകയാണ് മറ്റു കുടുംബാംഗങ്ങളും. ആശുപത്രിയില്‍ നിന്നു പോയാലുടന്‍ ഇരുവരുടെയും വീട്ടില്‍പ്പോയി നേരിട്ടു കാണുമെന്നും അവരോടൊപ്പം നിന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ നാട്ടുകാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു.

കുളത്തില്‍ മത്സ്യംപിടിക്കാനായി ഉപയോഗിക്കുന്ന ചങ്ങാടവും റബ്ബര്‍ ട്യൂബുമായി സുധീഷും ശരത്തും പാറക്കുളത്തിലേക്ക് ചാടുകയായിരുന്നു. രണ്ടുപേരെയും ചങ്ങാടത്തില്‍ ഒന്നിച്ചു കയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആദ്യം സാന്ദ്രയെ കരയ്‌ക്കെത്തിച്ചു. അപ്പോഴേക്കും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിനുവിനെയും കരയ്‌ക്കെത്തിച്ചു. ഒരുനാടുമുഴുവനും അഗ്‌നിരക്ഷാസേനയും പൊലീസും അവരുടേതായ പങ്കുവഹിച്ചത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക