ദില്ലി: വായ്പ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെ കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്രം നിര്‍ദ്ദേശിച്ച നാല് നിബന്ധനകള്‍ കേരളം പാലിച്ചു. കേരളവും ഉത്തരാഖണ്ടും ഗോവയും ആണ് നിബന്ധനകള്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍.

കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് കൂടുതല്‍ പണം ഉണ്ടാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്. വായ്പാ പരിധി ഉയര്‍ത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കും എന്നത് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നിരന്തരം കേന്ദ്രത്തോട് ഇത് ആവശ്യപ്പെട്ടു വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ പശ്ചാത്തലത്തിലാണ് ആകെ ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാന്‍ പാടുള്ളു എന്ന നിബന്ധന മാറ്റി അത് അഞ്ച് ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചത്.

അഞ്ച് ശതമാനമായി ഉയര്‍ത്തിയപ്പോള്‍ കേന്ദ്രം ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരുന്നു. മൂന്നു ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി സംസ്ഥാനങ്ങള്‍ക്ക് അവരുടെ വായ്പാ പരിധി ഉയര്‍ത്താം എന്നതായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഇത് നാല് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് എത്തണമെങ്കില്‍ കേന്ദ്രത്തിന്റെ നാല് നിബന്ധനകള്‍ പാലിക്കണമെന്നായിരുന്നു അന്ന് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയത്. ഒറ്റ രാജ്യം ഒറ്റ റേഷന്‍ കാര്‍ഡ് എന്നതിലേക്ക് കൂടുതല്‍ നടപടികള്‍ സംസ്ഥാനം സ്വീകരിക്കണമെന്നതായിരുന്നു ആദ്യ നിബന്ധന. വൈദ്യുതി സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നല്‍കുക എന്നതായിരുന്നു രണ്ടാമത്തേത്. വ്യവസായസൗഹൃദ നടപടികള്‍ എന്ന നിലയില്‍ കേന്ദ്രം ചില നിര്‍ദ്ദേശങ്ങള്‍ മുമ്ബോട്ട് വച്ചിരുന്നു. അത് സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്നതായിരുന്നു മൂന്നാമത്തെ നിര്‍ദ്ദേശം. ന​ഗരങ്ങളിലും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരു മിനിമം പ്രോപ്പര്‍ട്ടി ടാസ്ക് ഉള്‍പ്പടെ നിശ്ചയിച്ച്‌ മുമ്ബോട്ട് പോകുക എന്നതായിരുന്നു നാലാമത്തെ നിബന്ധന. ഇതെല്ലാം കേരളം പാലിച്ചു.

വായ്പാ പരിധി ഉയര്‍ത്തുമ്ബോള്‍ സംസ്ഥാനങ്ങള്‍ക്ക് ഏകദേശം രണ്ടുലക്ഷത്തി പതിനാലായിരം കോടി രൂപ കൂടി കിട്ടും. ഇതില്‍ കേരളത്തിന് മാത്രമായി എത്ര രൂപ കിട്ടും എന്നത് വ്യക്തമാകേണ്ടതുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക