ന്യൂഡെല്‍ഹി: പശ്ചിമ ബംഗാളിലെ ഹൗറയില്‍ മൂന്ന് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍ വന്‍തോതില്‍ പണവുമായി പിടിയിലായതിന് പിന്നാലെ ജാര്‍ഖണ്ഡിലെ ബിജെപിയുടെ ‘ഓപറേഷന്‍ താമര’ പുറത്തായതായി കോണ്‍ഗ്രസ് ആരോപിച്ചു. ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിജെപിയുടെ ഓപറേഷന്‍ താമര ഹൗറയില്‍ തുറന്നുകാട്ടിയെന്നും മഹാരാഷ്ട്രയിലെ ഏക്‌നാഥ്-ദേവേന്ദ്ര ജോഡികള്‍ ചെയ്ത അതേ കളി ജാര്‍ഖണ്ഡിലും ചെയ്യാനാണ് ഡെല്‍ഹിയിലെ ‘ഹം ദോ’ ശ്രമിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

ജംതാരയില്‍ നിന്നുള്ള ഇര്‍ഫാന്‍ അന്‍സാരി, ഖിജ്‌രിയില്‍ നിന്നുള്ള രാജേഷ് കച്ചാപ്പ്, കൊലെബിരയില്‍ നിന്നുള്ള നമന്‍ ബിക്സല്‍ എന്നീ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ പശ്ചിമ ബംഗാളില്‍ ദേശീയ പാത-16-ല്‍ പഞ്ച്ല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റാണിഹട്ടിയില്‍ പൊലീസ് തടയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വാഹനം തടഞ്ഞു. വാഹനത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരുണ്ടായിരുന്നു. അവരുടെ പക്കല്‍ വന്‍തുകയുണ്ടായിരുന്നു. ഞങ്ങള്‍ നോട് എണ്ണുന്ന യന്ത്രങ്ങള്‍ കൊണ്ടുവരുന്നു. നിയമസഭാംഗങ്ങളെ ചോദ്യം ചെയ്തുവരുന്നു’, ഹൗറ സൂപ്രണ്ട് ഓഫ് പൊലീസ് (റൂറല്‍) സ്വാതി ഭംഗലിയ വ്യക്തമാക്കി. ഡ്രൈവറും മൂന്ന് എംഎല്‍എമാരും ഉള്‍പെടെ അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

അതേസമയം എം‌എല്‍‌എമാരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം പരസ്യപ്പെടുത്തണമെന്ന് പ്രധാന പ്രതിപക്ഷമായ ബിജെപി കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും സര്‍കാരിനെതിരെ അഴിമതി ആരോപിക്കുകയും ചെയ്തു. വിഷയം ഇഡി അന്വേഷിക്കണമെന്ന് സ്വതന്ത്ര എംഎല്‍എ സരയൂ റായ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇതിനെക്കുറിച്ച്‌ സംസാരിക്കുന്നത് യുക്തിസഹമല്ലെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പറഞ്ഞു, പിടിക്കപ്പെട്ട എംഎല്‍എമാര്‍ വിഷയം നന്നായി വിശദീകരിക്കുമെന്നും പാര്‍ടി ഹൈകമാന്‍ഡിന് റിപോര്‍ട് നല്‍കുമെന്നും ആരെയും ഒഴിവാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക