എട്ട് ഉണ്ടകള്‍ നിറച്ച തോക്കിന്‍റെ കാഞ്ചിയില്‍ വിരലിട്ട് ജീവനക്കാര്‍ക്ക് നേരെ ചൂണ്ടിയ ശേഷം 84കാരനായ വയോധികന്‍ പറയുകയാണ് ‘ ഇത് നല്ല കണ്ടീഷന്‍ തോക്കാണ്, ലൈസന്‍സ് തരണം’. കാക്കനാട് കളക്‌ട്രേറ്റിലെ തപാല്‍ വിഭാഗത്തില്‍ തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് പുതുക്കാനെത്തിയ മൂവാറ്റുപുഴ മടവൂര്‍ സ്വദേശിയാണ് അല്‍പ്പനേരത്തെക്ക് ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ എറണാകുളം കളക്ടറേറ്റിലാണ് സംഭവം.

സ്വയരക്ഷാര്‍ഥം റിവോള്‍വര്‍ ഉപയോഗിക്കാന്‍ 2007 മുതല്‍ കളക്ടര്‍ ഇദ്ദേഹത്തിന് ലൈസന്‍സ് നല്‍കിയിരുന്നു. പുതുക്കാനുള്ള അപേക്ഷക്കൊപ്പം പഴയ ലൈസന്‍സ് ഇദ്ദേഹം മേയ് 10-ന് കളക്ടറേറ്റില്‍ നല്‍കിയിരുന്നു. അത് ചോദിച്ചാണ് നിറതോക്കുമായി ആളെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുക്കാനുള്ള റിപ്പോര്‍ട്ടിനായി ലൈസന്‍സ് അയച്ചിരിക്കുകയാണെന്നു പറഞ്ഞെങ്കിലും, വയോധികന്‍ ഇത് അംഗീകരിക്കാന്‍ തയാറായില്ല. ഉണ്ടയുള്ള തോക്ക് കാഞ്ചിയിലിട്ട് കറക്കുന്നത് കണ്ടതോടെ തപാല്‍ സെക്ഷനിലെ ടൈപ്പിസ്റ്റുമാരായ ഷിനുവും റീനയും പേടിച്ചു. സംഭവമറിഞ്ഞെത്തിയ മറ്റ് ജീവനക്കാര്‍ തന്ത്രപൂര്‍വം ഇയാളില്‍ നിന്ന് തോക്ക് വാങ്ങിയെടുത്തു.

ലൈസന്‍സ് പുതുക്കുന്നതിനുള്ള റിപ്പോര്‍ട്ട് മൂവാറ്റുപുഴ താലൂക്കിലും പോലീസിനും കൈമാറിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ തിരികെ നല്‍കണം എന്ന് വയോധികന്‍ ആവശ്യപ്പെട്ടു. ആവശ്യമുണ്ടെങ്കില്‍ തോക്ക് പരിശോധിച്ചോളൂ എന്ന് പറഞ്ഞാണ് ഇയാള്‍ ജീവനക്കാര്‍ക്ക് നേരെ ചൂണ്ടിയത്.

കളക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തിലാണ് ഇദ്ദേഹത്തെ അനുനയിപ്പിച്ച്‌ തോക്ക് വാങ്ങിയെടുത്ത് എ.ഡി.എമ്മിനു മുന്നില്‍ ഹാജരാക്കിയത്. തൃക്കാക്കര പോലീസെത്തി തോക്കും ഉണ്ടകളും കസ്റ്റഡിയിലെടുത്തു. പന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി ഇദ്ദേഹത്തെ പറഞ്ഞുവിട്ടതായി തൃക്കാക്കര സി.ഐ. ആര്‍. ഷാബു പറഞ്ഞു.

ഇയാള്‍ക്ക് നല്‍കിയ തോക്ക് ലൈസന്‍സ് റദ്ദാക്കുമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍ പിന്നീട് പറഞ്ഞു. നിറ തോക്കുമായി ഒരാള്‍ കളക്ടറേറ്റില്‍ കടന്നുവന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍. കളക്ടറേറ്റ് സ്‌ഫോടനം നടന്നിട്ട് ചൊവ്വാഴ്ച 13 വര്‍ഷം തികയാനിരിക്കെയാണ് വീണ്ടും ഗുരുതരമായൊരു സുരക്ഷാ പിഴവ് ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക