തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രി എന്തിനാണ് കേരളത്തില്‍ ഇത്രയും വലിയ സുരക്ഷയില്‍ പോകുന്നത്. ഉമ്മന്‍ ചാണ്ടിയെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞതുപോലെ കേരളത്തിലെ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരനും കല്ലെറിയില്ല. എന്തിനാണ് ഇത്രയും വലിയ സുരക്ഷ ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനേയാണ്. എന്തിനാണ് മുഖ്യമന്ത്രി ഇത്രയും ഭയപ്പെടുന്നത്. ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ നടന്ന ആള്‍ എന്തിനാണ് ഇത്രയും ഭയപ്പെടുന്നതെന്നു വി.ഡി സതീശന്‍ ചോദിച്ചു.

രാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പോലീസിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയായിരുന്നു. 33 തവണയാണ് സംസ്ഥാന വിജിലന്‍സ് മേധാവി ഇയാളെ ഫോണില്‍ വിളിച്ചത്. മൊഴി കൊടുത്തത് നന്നായെന്ന് രാവിലെ പറഞ്ഞ ഇയാള്‍, പൊലീസിന്റെ നിര്‍ദേശപ്രകാരം കോടതിയില്‍ കൊടുത്ത മൊഴി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ വിജിലന്‍സ് ഡയറക്ടര്‍ മൊഴി പിന്‍വലിപ്പിക്കാനും മറ്റൊരു പ്രതിയെ തട്ടിക്കൊണ്ട് വരാനും ശ്രമിക്കില്ല. ഇടനിലക്കാരനായ മുന്‍ മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ ഫ്‌ളാറ്റില്‍ നിന്നും ഗുണ്ടകളെ പോലെയെത്തി പിടിച്ചുകൊണ്ട് പോയ പൊലീസുകാര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണ്? സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സമനില തെറ്റിയിരിക്കുകയാണെന്നും ഗൗരവതരമായ എന്തൊക്കെയോ പുറത്ത് വരാനുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തല്‍ വരുമെന്ന് കണ്ടാണ് സുരേന്ദ്രനെതിരെ ഒരു വര്‍ഷമായി എടുക്കാതിരുന്ന കേസെടുത്തത്. ഈ രണ്ടു കേസുകളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും വി.ഡി സതീശന്‍ ആരോപിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക