മൈസൂർ: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛന്‍ പതിനേഴുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കർണാടകയിലെ മൈസൂരിലാണ് വീണ്ടും ദുരഭിമാനക്കൊല നടന്നത്. കൊലപാതകത്തിന് ശേഷം അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി. ജൂണ്‍ 7ന് പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

മകള്‍ ശാലിനിയെ കൊലപ്പെടുത്തിയ കുറ്റത്തിന് മൈസൂരിലെ പെരിയപട്‌ന താലൂക്കിലെ കഗ്ഗുണ്ടി സ്വദേശിയായ സുരേഷിനെയും ഭാര്യ ബേബിയേയും അറസ്റ്റ് ചെയ്‌തു. മെല്ലഹള്ളി സ്വദേശിയായ ദളിത് യുവാവുമായി 12-ാം ക്ലാസില്‍ പഠിക്കുന്ന ശാലിനി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയ ബന്ധത്തെ കുറിച്ച് ഈയിടെയാണ് സുരേഷ് അറിയുന്നത്. തുടർന്ന് ഇയാൾ ദളിത് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ കുടുംബത്തിനൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്നും യുവാവിനൊപ്പം പോകണമെന്നും ശാലിനി മൊഴി നല്‍കിയതോടെ പെണ്‍കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് പൊലീസ് മാറ്റിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകളെ തങ്ങളിൽ നിന്ന് മാറ്റിയതിനെതിരെ അച്ഛൻ ശിശു ക്ഷേമ സമിതിയെ സമീപിച്ചു. തുടർന്ന് ശിശു ക്ഷേമ സമിതിയുടെ സാനിധ്യത്തിൽ സത്യവാങ് മൂലം നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ വീട്ടിൽകൊണ്ടുവന്നശേഷം യുവാവുമായുള്ള ബന്ധം നിർത്താൻ അച്ഛൻ സുരേഷ് നിർബന്ധിച്ചു.

താൻ വീട്ടുതടങ്കലിലാണെന്ന ബോധ്യപ്പെട്ടതോടെ പെണ്‍കുട്ടി യുവാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതറിഞ്ഞ സുരേഷ് മകളെ മർദിച്ച ശേഷം കഴുത്ത് ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ മൃതദേഹം മെല്ലഹള്ളിയില്‍ ഉപേക്ഷിച്ചു. അതിന് ശേഷമാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക