ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ അടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. സംഭവത്തിന് ശേഷം ഇവര്‍ കാറിനകം തുടച്ച്‌ വൃത്തിയാക്കി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യം സ്ഥിരീകരിച്ചതോടെ പ്രതികള്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തുമെന്നും പോലീസ് പറഞ്ഞു.

അതേസമയം, ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് ചില സുപ്രധാന തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്രവവും തലമുടിയും അടക്കമുള്ള തെളിവുകളാണ് കാറില്‍നിന്ന് ലഭിച്ചത്. ഇതിനുപുറമേ കമ്മലും പാദരക്ഷയും കാറില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഹൈദരാബാദിലെ ഉന്നത കുടുംബത്തില്‍പ്പെട്ട ഒമര്‍ ഖാന്‍, പ്രാദേശിക ടി.ആര്‍.എസ്. നേതാവിന്റെ മകന്‍ സദുദ്ദീന്‍ മാലിക് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നുപേരുമാണ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്തവരില്‍ ഒരാള്‍ ടി.ആര്‍.എസ്. നേതാവിന്റെ മകനാണ്. മറ്റൊരാള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗത്തിന്റെ മകനും മൂന്നാമന്‍ സംഗറെഡ്ഡിയില്‍നിന്നുള്ള ടി.ആര്‍.എസ്. നേതാവിന്റെ മകനുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേയ് 28-ാം തീയതിയാണ് പബ്ബില്‍നിന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ 17-കാരിയെ പ്രതികള്‍ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തത്. പബ്ബില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ആഡംബര കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ആഡംബര കാറില്‍നിന്ന് മറ്റൊരു കാറിലേക്ക് മാറ്റി. തുടര്‍ന്ന് ബഞ്ചാര ഹില്‍സിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് രാത്രി 7.30-ഓടെയാണ് ഇവര്‍ പെണ്‍കുട്ടിയെ തിരികെ പബ്ബില്‍ എത്തിച്ചത്.

കേസുമായി ബന്ധപ്പെട്ട രണ്ട് കാറുകളും കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ രണ്ടാമത്തെ വാഹനം മൊയ്‌നാബാദിലെ ഫാംഹൗസില്‍നിന്നാണ് കണ്ടെടുത്തത്. ഈ ഫാംഹൗസ് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുളളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ രാഷ്ട്രീയവിവാദങ്ങളും കത്തിപ്പടരുകയാണ്. സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ആഭ്യന്തര മന്ത്രി രാജിവെയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ തെലങ്കാന ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പോലീസ് അനാസ്ഥയുണ്ടായെന്ന ആരോപണം ശക്തമായതിനിടെയാണിത്. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മിഷനും സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക