തിരുവനന്തപുരം: മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ഹര്‍ഷാദ് എന്ന ജീവനക്കാരന്‍ മരിക്കാനിടയായത് പൂര്‍ണ്ണമായും അധികൃതരുടെ പിഴവാണെന്നും ഭാവിയില്‍ ഇത്തരം മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരും മൃഗശാല അധികൃതരും കൈക്കൊള്ളണമെന്നും കേരളാമ്യൂസിയം ആന്‍ഡ് സൂ എംപ്ലോയീസ് യൂണിയണ്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡന്‍റ് വി.ആര്‍. പ്രതാപന്‍ ആവശ്യപ്പെട്ടു.

വിഷ പാമ്പുകളും വന്യ മൃഗങ്ങളെയും പരിചരിക്കുന്നതിന് ഒരേസമയം രണ്ട് ജീവനക്കാരെയാണ് നിയോഗിക്കേണ്ടത്, എന്നാല്‍ തിരുവനന്തപുരം മൃഗശാലയില്‍ ഇപ്പോള്‍ രണ്ടു പേര്‍ക്ക് പകരം ഒരാളെയാണ് നിയോഗിക്കുന്നത്. അടിയന്തര ,അപകടസാഹചര്യമുണ്ടായാല്‍ കൂടുകളില്‍നിന്ന് അധികൃതരെ അറിയിക്കാന്‍ അലാറം സ്ഥാപിക്കണമെന്നത് പാലിച്ചിട്ടില്ല. മുന്‍പ് കൂടുകള്‍ക്കു പുറത്തു സ്ഥാപിച്ച അലാറം പോലും പ്രവര്‍ത്തിക്കാതായിട്ട് വര്‍ഷങ്ങളായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃഗശാലയിലെ അപകടസാധ്യതയുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി യു.ഡി.എഫ് ഗവണ്‍മെന്‍റിന്‍റെ കാലത്ത് വാങ്ങിയ വാക്കിടോക്കി മറ്റു ജീവനക്കാരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും വി.ആര്‍.പ്രതാപന്‍ കുറ്റപ്പെടുത്തി. വന്യമൃഗങ്ങളെയും വിഷ പാമ്പുകളേയും പരിചരിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന തല്കാലിക തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും ആദിവാസി, ദളിത് മേഖലകളില്‍ നിന്നുള്ള യുവാക്കളാണ്.

ഇവരുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ട ജാഗ്രതാ നടപടികളില്ലെന്നും കൂടുതല്‍ അപകടം ഉണ്ടാകുന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന പരാതിയുണ്ടെന്നും യൂണിയന്‍ ആരോപിച്ചു. ഹര്‍ഷാദിന് ജീവഹാനിയുണ്ടായ സാഹചര്യത്തെക്കുറിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണെമെന്നും പരിഷ്കരിച്ച പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയതായും യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക