ആലപ്പുഴ: സി.പി.ഐ.എം. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമല്ലായിരുന്നു എന്നതടക്കമുള്ള പരാതികളാണ് ജി. സുധാകരനെതിരെ ഉന്നയിക്കപ്പെടുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതു മുതലാണ് ജി. സുധാരകനും എതിര്‍വിഭാഗവും തമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ജി. സുധാകരന്‍ വിമര്‍ശനമുന്നയിച്ചിരുന്നെന്നും തോമസ് ഐസകിനെ പോലെ തെരഞ്ഞെടുപ്പില്‍ സജീവമായില്ലെന്നുമായിരുന്നു സുധാകരനെതിരെ ഉയര്‍ന്ന പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി ആയിരുന്ന എച്ച്. സലാം ഉള്‍പ്പെടെയായിരുന്നു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്. എല്ലാം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്നും യോഗത്തിന് നേതൃത്വം നല്‍കിയിരുന്ന പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞിരുന്നു. തനിക്കെതിരെ പരാതികളും പ്രചാരണവും നടത്തുന്നവര്‍ രാഷ്ട്രീയ ക്രിമിനലുകളാണെന്നായിരുന്നു വിഷയത്തില്‍ സുധാകരന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിന് ശേഷം പരാതികളും തുടര്‍ന്നുള്ള വാഗ്വാദങ്ങളും അധികം ഉയര്‍ന്നു കേട്ടിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങള്‍ക്ക് പിന്നാലെ തര്‍ക്കങ്ങള്‍ വീണ്ടും ശക്തമാകുകയാണ്. ആലപ്പുഴ ജില്ലാ കമ്മിറ്റി സുധാകരന്‍ പക്ഷവും വിരുദ്ധ പക്ഷവുമായി ചേരി തിരിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ വിമര്‍ശനങ്ങളും മുന്‍ വിവാദങ്ങളും എതിര്‍പക്ഷം ജി. സുധാകരനെതിരെ ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗങ്ങളില്‍ വിഷയം ചര്‍ച്ചയാക്കാനാണ് ഇവരുടെ തീരുമാനം. ഇതില്‍ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സി.പി.ഐ.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം സംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞ ദിവസം സുധാകരന്‍ മറുപടി നല്‍കിയിരുന്നു. ആരോപണങ്ങള്‍ ഉയര്‍ത്തി വീണ്ടും തന്നെ വേദനിപ്പിക്കരുതെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഷയം ചര്‍ച്ചയാകുന്നതിന് മുമ്പ് തന്നെ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക