കവരത്തി: ലക്ഷദ്വീപിൽ ഇന്ന് രാത്രി 10 മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ. ദ്വീപിൽ നാളെ എൻസിപി പ്രതിഷേധം ദിനം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതിഷേധങ്ങൾക്ക് തടയിടാനാണ് നടപടിയെന്ന് ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസൽ വിമർശിച്ചു. ലക്ഷദ്വീപിൽ ജനജീവിതത്തെ ബാധിക്കുന്ന നടപടികൾ നേരത്തെയും ഭരണകൂടം കൊണ്ടുവന്നിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ശതമാനത്തിനു മുകളിൽ വരികയും കൂടുതൽ കൊവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പു വരുത്താനുള്ള സൗകര്യം ഇല്ലാതെ വരികയും ചെയ്യാതെ തന്നെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ദ്വീപിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ജുമുഅ നിസ്‌കാരമടക്കം അനുവദിച്ചിരുന്നില്ല. ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തിയിരുന്നു. കൂട്ടപ്പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികളും ദ്വീപ് ഭരണകൂടം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്ന 21ഓളം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. ഇതടക്കമുള്ള നടപടികൾക്കെതിരെ വൻ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന ആക്ഷേപമാണ് ദ്വീപ് നിവാസികൾ ഉന്നയിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക